ന്യൂഡൽഹി: കാശ്‌മീരിലെ കാർഗിലിൽ നുഴഞ്ഞുകയറിയ പാക് പടയെ തുരത്തി ഇന്ത്യൻ സൈന്യം വിജയം കൈവരിച്ചതിന്റെ 25-ാം വാർഷിക ദിനമാണ് ഇന്ന്. കാർഗിൽ യുദ്ധവിജയത്തിന്റെ 25-ാം വാർഷികത്തിൽ ദ്രാസിൽ നടന്ന ചടങ്ങ് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഉദ്ഘാടനം ചെയ്‌തത്. രാജ്യത്തിന്റെ അഭിമാനം കാക്കാനായി ജീവൻനൽകിയ 527 ജവാന്മാരെയും ധീരമായി പോരാടിയ മറ്റ് സൈനികരെയും ആദരിക്കുകയാണ് രാജ്യമിന്ന്. കാർഗിൽ യുദ്ധ സമയത്ത് പാകിസ്ഥാൻ ചതിയെ ധീരമായി ചെറുത്ത നിരവധി വീരന്മാരുടെ കഥകൾ നാം കേട്ടിട്ടുണ്ട്. അതിനൊപ്പം സവിശേഷമായ പല ആയുധങ്ങളും അന്ന് ഇന്ത്യൻ സൈന്യം പ്രയോഗിച്ചിരുന്നു. അത്തരമൊരു മിസൈൽ പ്രയോഗിക്കാൻ ആദ്യമായി അവസരം ലഭിച്ച അന്ന് ഹവിൽദാർ മേജറായിരുന്ന ഇപ്പോൾ ഓണററി ക്യാപ്‌ടനായ ബി.പി സിംഗിനെയും ഇന്ന് സേന ആദരിക്കുന്നുണ്ട്.
സോവിയറ്റ്-റഷ്യൻ നിർമ്മിതമായ 9കെ38 'ഇഗ്ള'[ മിസൈൽ ഇന്ത്യ ആദ്യമായി ഒരു യുദ്ധത്തിൽ പ്രയോഗിച്ചത് കാർഗിൽ യുദ്ധസമയത്താണ്. പോർട്ടബിൾ ഇൻഫ്രാറെഡ് ഹോമിംഗ് ഭൂതല മിസൈലാണ് ഇഗ്ള. വ്യക്തിഗതമായോ ക്രൂ ഓപ്പറേഷനുകൾക്കോ ആണ് ഇഗ്ള മിസൈൽ ഉപയോഗിക്കുന്നത്. തെർമൽ ലോക്കിംഗ് സിസ്‌റ്റം വഴി ലക്ഷ്യസ്ഥാനം തിരഞ്ഞെടുക്കാനും അവിടേക്ക് കൃത്യമായി ചെന്നെത്താനും ഈ മിസൈലുകൾക്ക് കഴിയും. 500 മീറ്റർ മുതൽ ആറ് കിലോമീറ്റർ വരെ ദൂരത്തിലും 3.5 കിലോമീറ്റർ വരെ ഉയരത്തിലുമുള്ള ലക്ഷ്യസ്ഥാനങ്ങളെ കൃത്യമായി തകർക്കാൻ സാധിക്കുന്ന മിസൈലാണ് ഇഗ്ള.
പഴയ സോവിയറ്റ് യൂണിയനിൽ 1972ൽ ഇഗ്ള ഹ്രസ്വദൂര മനുഷ്യവേഥ എയർഡിഫൻസ് സിസ്റ്റം (MANPADS) വികസിപ്പിക്കുന്നത് ആരംഭിച്ചു. മുൻപ് നിലവിലുണ്ടായിരുന്ന സ്‌ട്രെല്ല മിസൈൽ സംവിധാനത്തിന്റെ അൽപംകൂടി മെച്ചപ്പെട്ട പതിപ്പാണിത്. സാങ്കേതിക പ്രശ്‌നങ്ങൾ ഇതിന്റെ വികാസത്തിന് തടസം നിന്നു. 1978ൽ ഈ പദ്ധതി രണ്ടായി വിഭജിച്ചു. പൂർണമായ ശേഷിയുള്ള ഇഗ്ള മിസൈലിന്റെയും അൽപം കൂടി ലളിതമായ ഇഗ്ള-1 പതിപ്പിന്റെ വികസനവുമായി അത് മാറി.
യുദ്ധരംഗത്ത് ഇഗ്ള
ഇഗ്ള മിസൈൽ പ്രയോഗിക്കാൻ ഇടയായ സാഹചര്യത്തെ കുറിച്ച് ഓണററി ക്യാപ്‌ടനായ ബി.പി സിംഗ് പറയുന്നത് ഇങ്ങനെ: 'കാർഗിൽ യുദ്ധം നടക്കുന്ന ആ ദിവസം പാകിസ്ഥാനിൽ നിന്നും നിരന്തരമായ വെടിവയ്‌പ്പുണ്ടായി. ദേശീയപാത1ൽ നമ്മുടെ ഒരു ട്രക്കിന് നേരെയും വെടിയുതിർത്തു. ഒരു സൈനികൻ വീരമൃത്യു വരിച്ചു.' ഇതോടെ തിരിച്ചടിക്കാൻ ഉന്നത ഉദ്യോഗസ്ഥർ ഉത്തരവ് നൽകി.
'മൂന്ന് പാകിസ്ഥാനി പോസ്റ്റുകളാണ് എന്റെ പരിധിയിലുണ്ടായിരുന്നത്. ആ സമയം ഉത്തരവ് കിട്ടി. ദൈവങ്ങൾ നമ്മുടെയൊപ്പമായിരുന്നു. 30 സെക്കന്റാണ് എനിക്ക് മുന്നിലുണ്ടായിരുന്നത്. തെർമൽ സിഗ്നൽ ലഭിച്ചതോടെ ഞാൻ ലക്ഷ്യസ്ഥാനം ലോക്ക് ചെയ്‌ത് മിസൈൽ തൊടുത്തു. അങ്ങനെയാണ് ആ സംഭവമുണ്ടായത്.' ഇന്ത്യൻ സൈന്യത്തിന്റെ യുദ്ധചരിത്രത്തിൽ അങ്ങനെ പ്രത്യേകം സ്ഥാനം നേടുന്ന സംഭവമായി ഈ തിരിച്ചടി.
പ്രധാനമന്ത്രി പങ്കെടുത്ത ദ്രാസിലെ ചടങ്ങിൽ പ്രത്യേക അതിഥിയായി എത്തിയപ്പോഴാണ് ഹോണററി ക്യാപ്‌ടൻ ബിപി സിംഗ് തന്റെ അനുഭവം തുറന്നുപറഞ്ഞത്.സെക്കന്റുകൾ കൊണ്ടെടുത്ത തീരുമാനമാണ് ഇന്ന് ജീവനോടെയിരിക്കാൻ ഇടയാക്കിയതെന്നും അദ്ദേഹം ഓർക്കുന്നു.