-ismael

ടെക്സാസ്: ലോകത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് മാഫിയ തലവൻ പിടിയിലായി. മെക്‌സിക്കോയിലെ സിനലോവ കാർട്ടൽ സംഘടനയുടെ നേതാവ് ഇസ്‌മായേൽ മരിയോ സാംബദ ഗാർസിയെയാണ് അമേരിക്കയിലെ ടെക്‌സാസിൽ വച്ച് പൊലീസ് അറസ്റ്റ് ചെയ്തത്. മെക്‌സിക്കോയിലെ സിനലോവ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സിനലോവ കാർട്ടലിന്റെ സഹസ്ഥാപകനും നിലവിലെ മുൻനിര നേതാവുമാണ് ഇസ്‌മായേൽ.

നിലവിൽ അമേരിക്കയിലെ ജയിലിലുള്ള ജോവാക്വിൻ എൽ ചാപോ ഗുസ്മാൻ എന്നയാൾക്കൊപ്പമാണ് 76കാരനായ ഇസ്മായേൽ സിനലോവ കാർട്ടൽ രൂപീകരിച്ചത്. കഴിഞ്ഞ ദിവസം ഗുസ്‌മാന്റെ മകനൊപ്പമാണ് ഇസ്‌മായേലിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഫെബ്രുവരിയിൽ മയക്കുമരുന്നായ ഫെന്റാനിൽ നിർമ്മിച്ച് വിതരണം നടത്താൻ ഗൂഢാലോചന നടത്തിയതിന് അമേരിക്കൻ പൊലീസ് ഇസ്‌മായേലിനെതിരെ കുറ്റം ചുമത്തിയിരുന്നു.

ലോകത്തിലെ തന്നെ ഏറ്റവും അക്രമകാരിയും ശക്തനുമായ മയക്കുമരുന്ന് രാജാവ് പിടിയിലായെന്നാണ് യുഎസ് അറ്റോണി ജനറൽ മെറിക് ഗാർലാന്റ് പ്രസ്താവനയിൽ അറിയിച്ചത്. ഇയാൾക്കെതിരെ നിരവധി കുറ്റങ്ങളാണ് നിലവിലുളളത്. അമേരിക്കയിലേക്ക് മാരക മയക്കുമരുന്നുകൾ എത്തിക്കുന്നതിൽ കുപ്രസിദ്ധമായ സിനലോവ കാർട്ടലിന്റെ അവസാന അംഗത്തെയും പിടിക്കുന്നതുവരെ അന്വേഷണം തുടരുമെന്നാണ് അമേരിക്കൻ നീതിന്യായ വകുപ്പ് വ്യക്തമാക്കിയത്.

അമേരിക്കൻ ജനതയെ ലഹരിക്ക് അടിമയാക്കുന്നതിൽ മുഖ്യ പങ്കും വഹിക്കുന്നത് സിനലോവ കാർട്ടലാണെന്ന് നീതിന്യായ വകുപ്പ് അറിയിച്ചിട്ടുണ്ട്. 18 മുതൽ 45 വയസുവരെയുളള അമേരിക്കൻ പൗരൻമാർക്ക് ലഹരിമരുന്ന് ഉപയോഗിക്കുന്നതിലൂടെ അകാലമരണം സംഭവിക്കുന്നുണ്ടെന്നും മെറിക് ഗാർലാന്റ് വ്യക്തമാക്കുന്നു.

ഇസ്‌മായേലിന് പിടികൂടുന്നതിനുള്ള പ്രതിഫലം അടുത്തിടെ 125,5929000 രൂപയായി ലഹരി വിരുദ്ധ വകുപ്പ് വർദ്ധിച്ചിരുന്നു. ഫെന്റാനിൽ കടത്തിന് പുറമേ കൊലപാതകം, കള്ളപ്പണമിടപാട്, തട്ടിക്കൊണ്ട് പോകൽ, മയക്കുമരുന്ന് കടത്തൽ അടക്കമുള്ള കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിട്ടുളളത്.