akhil-sajeev

തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോർജിന്റെ പിഎയുടെ പേരിലുണ്ടായ കോഴ ആരോപണം കെട്ടിച്ചമച്ചതെന്ന് കുറ്റപത്രം. നിയമനത്തട്ടിപ്പിൽ രാഷ്‌ട്രീയ ഗൂഢാലോചന പൊലീസ് തള്ളി. ആരോപണത്തിൽ ഗൂഢാലോചന ഉണ്ടായിരുന്നു എന്നായിരുന്നു ആരോഗ്യമന്ത്രിയുടെ വാദം. എഐഎസ്‌എഫ് മുൻ നേതാവ് കെപി ബാസിതും പത്തനംതിട്ടയിലെ സിഐടിയു ഓഫീസ് സെക്രട്ടറിയായിരുന്ന അഖിൽ സജീവും ചേർന്ന് സാമ്പത്തിക ലാഭത്തിനായുള്ള തട്ടിപ്പ് മാത്രമാണ് നടത്തിയതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.

കേസിൽ നാല് പ്രതികളാണുള്ളത്. മലപ്പുറം സ്വദേശിയായ ബാസിത്താണ് ഒന്നാം പ്രതി. കോഴിക്കോട് സ്വദേശിയും മുൻ എസ്‌എഫ്‌‌ഐ നേതാവുമായ ലെനിൻ രാജ്, സുഹൃത്തായ റെഗീസ്, പത്തനംതിട്ട സിഐടിയും ജില്ലാ കമ്മിറ്റി ഓഫീസ് സെക്രട്ടറി അഖിൽ സജീവ് എന്നിവരാണ് മറ്റ് പ്രതികൾ.

തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. മന്ത്രിയുടെ ഓഫീസിനെതിരായ കോഴ ആരോപണം കെട്ടിച്ചമച്ച് മാത്രമാണെന്നാണ് കുറ്റപത്രത്തിൽ പ്രധാനമായും പറഞ്ഞിരിക്കുന്നത്. പരാതി നൽകിയ മലപ്പുറം സ്വദേശി ഹരിദാസനെ സാക്ഷിപ്പട്ടികയിൽ ഉൾപ്പെടുത്തി. മകന്റെ ഭാര്യയുടെ മെഡിക്കൽ ഓഫീസർ നിയമനത്തിനായി വീണാ ജോർജിന്റെ പിഎ അഖിൽ മാത്യു കൈക്കൂലി വാങ്ങി എന്നായിരുന്നു പരാതി. അഞ്ച് ലക്ഷം രൂപ തവണകളായി അടയ്‌ക്കാൻ ആവശ്യപ്പെട്ടുവെന്നും പത്തനംതിട്ട സ്വദേശി അഖിൽ സജീവാണ് ഇടനിലക്കാരനെന്നും ഹരിദാസന്റെ പരാതിയിൽ പറഞ്ഞിട്ടുണ്ട്.