sai-pallavi

സൗത്ത് ഇന്ത്യൻ സിനിമയിലെ ശ്രദ്ധേയയായ നടിയാണ് സായി പല്ലവി. 'പ്രേമം', 'കലി' തുടങ്ങി നിരവധി ചിത്രങ്ങളിൽ നടി അഭിനയിച്ചിട്ടുണ്ട്. ദുൽഖർ സൽമാൻ, നിവിൻ പോളി, ധനുഷ് അടക്കമുള്ള പ്രമുഖതാരങ്ങളുടെ നായികയായും തിളങ്ങി. സായി പല്ലവിയുമായി ബന്ധപ്പെട്ടുള്ള ഒരു വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.

നടി പ്രണയത്തിലാണെന്നാണ് ചില മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അതും വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ നടനാണ് കാമുകൻ എന്നാണ് കേൾക്കുന്നത്. റിപ്പോർട്ടുകളോട് നടി ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നിരുന്നാലും ഇത് വ്യാജ വാർത്തയാണെന്നാണ് ആരാധകർ പറയുന്നത്.

കാമുകൻ സൗത്ത് ഇന്ത്യൻ ആക്ടർ ആണെന്നാണ് ഗോസിപ്പ്. അതിനാൽത്തന്നെ ഏതെങ്കിലും മലയാളി നടനാണോയെന്നടക്കമുള്ള ചോദ്യങ്ങൾ സോഷ്യൽ മീഡിയയിൽ നിന്ന് ഉയർന്നുകഴിഞ്ഞു. നടിയെപ്പറ്റി ഇതിനുമുമ്പും സമാനരീതിയിലുള്ള ഗോസിപ്പുകൾ പുറത്തുവന്നിരുന്നു.


അതേസമയം, തന്റെ പുതിയ ചിത്രമായ 'തണ്ടേലിന്റെ' തിരക്കിലാണ് സായി പല്ലവി ഇപ്പോൾ. നാഗചൈതന്യയാണ് സിനിമയിൽ നായകനായെത്തുന്നത്. 'ലൗ സ്‌റ്റോറിക്ക്' ശേഷം ഇരുവരും ഒന്നിച്ചെത്തുന്നു എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. ഡിസംബർ ഇരുപതിന് സിനിമ തീയേറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇരുവർക്കുമിടയിലുള്ള കെമിസ്ട്രി ഒരിക്കൽ കൂടി കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകർ. ചിത്രത്തിന് ഏഴ് കോടി രൂപയാണ് നാഗ ചൈതന്യ പ്രതിഫലമായി വാങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ നടിയുടെ പ്രതിഫലം എത്രയാണെന്ന് പുറത്തുവിട്ടിട്ടില്ല.