mg-

മലയാളത്തിലെ പല സൂപ്പർ സ്റ്റാറുകളെയും ആ പദവിയിൽ എത്തിച്ചതിൽ നിർണായക പങ്കുവഹിച്ചത് അവർ അഭിനയിച്ച ചിത്രങ്ങളുടെ നിർമ്മാതാക്കളാണെന്ന് ഗായകൻ എംജി ശ്രീകുമാർ. അടുത്തിടെ അന്തരിച്ച നിർമ്മാതാവ് അരോമ മണിയെ അനുസ്മരിച്ച് തന്റെ യൂട്യൂബ് ചാനലിൽ നടത്തിയ സംഭാഷണത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മലയാളത്തിൽ ഇന്ന് കാണുന്ന പല സൂപ്പർ സ്റ്റാറുകളെയും ആ പദവിയിൽ എത്തിച്ചതിൽ അരോമ മണിക്ക് പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇതോടൊപ്പം പഴയ കാല നിർമ്മാതാക്കൾ ഇന്ന് നേരിടുന്ന പ്രശ്നത്തെക്കുറിച്ചും എംജി തുറന്നുപറഞ്ഞു. സൂപ്പർ സ്റ്റാറുകൾ ആരും അവരെ തിരിഞ്ഞു നോക്കാത്ത അവസ്ഥയുണ്ടെന്ന് എംജി വ്യക്തമാക്കി.

എംജിയുടെ വാക്കുകളിലേക്ക്...
'പലപ്പോഴും ടോപ്പ് സിംഗറിൽ ഇരിക്കുമ്പോൾ ഞാൻ പറയാറുണ്ട്. ഒരു പാട്ടിന്റെ മ്യൂസിക്ക് ഡയറക്ടറും ഗായകരെയും രചിയിതാവിനെക്കുറിച്ചുമൊക്കെ എടുത്തു പറയും. ആരാണ് അതിന്റെ പ്രൊഡ്യൂസറെന്ന് ആരും പറയുന്നില്ല. അത് വല്ലാത്തൊരു വിഷമമുള്ള കാര്യമാണ്.

ഇപ്പോഴും പണ്ടത്തെ പല നിർമ്മാതാക്കളെയും ഞാൻ കാണാറുണ്ട്. അവരുടെ പേരൊന്നും ഞാൻ പറയുന്നില്ല. അവരൊക്കെ ഇപ്പോൾ ഒരു രൂപ പോലും എടുക്കാനില്ലാത്ത അവസ്ഥയിൽ പല സ്ഥലങ്ങളിലും താമസിക്കുന്നുണ്ട്. നമ്മൾ അവരെക്കുറിച്ച് അറിയുന്നില്ല. എന്നാൽ ഇപ്പോഴത്തെ സോ കോൾഡ് സൂപ്പർ സ്റ്റാറുകൾ അവരയൊന്നും സഹായിക്കാൻ പോകുന്നില്ല. അങ്ങനെ ഒരു അവസരം ഉണ്ടാകുന്നില്ല'- എംജി ശ്രീകുമാർ പറഞ്ഞു.