അന്റാർട്ടിക് ഉപദ്വീപിന്റെ സമീപത്തുള്ള ഭീമൻ മഞ്ഞുമലയെ കുറിച്ചുള്ള കൗതുകകരമായ വസ്തുതകൾ പങ്കുവയ്‌ക്കുകയാണ് വ്യവസായിയും സിനിമാ നിർമ്മാതാവുമായ ജോളി ജോസഫ്. നമ്മുടെ സംസ്ഥാനങ്ങളിലൊന്നായ ഗോവയുടെ വലിപ്പത്തിലുള്ള ഈ ഭീമൻ മഞ്ഞുമല പ്രകൃതിയുടെ സൗന്ദര്യവും ശക്തിയും ഉയർത്തിക്കാട്ടുന്നതും വിസ്മയിപ്പിക്കുന്നതുമാണെന്ന് അദ്ദേഹം പറയുന്നു.
ജോളി ജോസഫിന്റെ വാക്കുകൾ-
''അറ്റത്ത് നിന്ന് ഏകദേശം 700 കിലോമീറ്റർ വടക്കുകിഴക്കായി സൗത്ത് ഓർക്ക്‌നി ദ്വീപുകൾക്ക് സമീപത്തുകൂടി ഐസ്ബർഗ് A23A ഭീമൻ ഒഴുകുന്നു. 1986-ൽ ഫിൽച്ച്നർ-റോൺ ഐസ് ഷെൽഫിൽ നിന്ന് വേർപിരിഞ്ഞതിൽ ( ഒരു തരം ഡൈവോഴ്സ് ) ഉണ്ടായ ഭീമൻ ഐസ് കട്ട 2020-ൽ വീണ്ടും നീങ്ങാൻ തുടങ്ങുന്നതുവരെ ഏകദേശം 4,000 ചതുരശ്ര കിലോമീറ്റർ , ഏകദേശം ഗോവയുടെ വിസ്തൃതിയുള്ള ഒരു നിശ്ചലമായ ' ഐസ് ദ്വീപ് ' പോലെ, 30 വർഷത്തിലേറെയായി പടിഞ്ഞാറൻ അന്റാർട്ടിക്കയുടെ വെഡൽ കടലിന്റെ അടിത്തട്ടിലെ ചെളിയിൽ ഉറച്ചുനിൽക്കുകയായിരുന്നു.
ലോകത്തിലെ ഏറ്റവും വലിയ മഞ്ഞുമലകളിൽ ഒന്നായ ഈ ഭീമാകാരമായ മഞ്ഞുമല ചങ്ങാതി ആഴത്തിലുള്ള നീല സമുദ്രവും പ്രാകൃതമായ വെളുത്ത മഞ്ഞും തമ്മിലുള്ള ശ്രദ്ധേയമായ വ്യത്യാസം എടുത്ത് കാണിക്കുന്നു. അതിന്റെ അപാരമായ വലിപ്പവും സാന്നിധ്യവും പ്രകൃതിയുടെ സൗന്ദര്യവും ശക്തിയും ഉയർത്തിക്കാട്ടുന്നതും വിസ്മയിപ്പിക്കുന്നതും സൃഷ്ടികർത്താവിനെ ഓര്മപെടുത്തുന്നതുമാണ് .
അവിടെയുള്ള മത്സ്യസമ്പത്ത് മനുഷ്യാഹാരയോഗ്യമല്ല എന്നാണ് അറിയുന്നത് .. ഇല്ലെങ്കിൽ മൂന്നാലു വഞ്ചിക്കാരുമായി അവിടെപോയി സംഗതി ഉഷാറാക്കി കച്ചോടം പൊടിപൊടിക്കാമായിരുന്നു''.