ഇരിങ്ങാലക്കുട : വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ പ്രതി അറസ്റ്റിൽ. ഇടുക്കി വണ്ണപ്പുറം വില്ലേജിലെ ദർഭ തോട്ടി ഭാഗം വേലംപറമ്പിൽ വീട്ടിൽ ജോബി ജോസ് (28) ആണ് അറസ്റ്റിലായത്. തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ഡോ. നവനീത് ശർമ്മയുടെ നിർദ്ദേശ പ്രകാരം ഇരിങ്ങാലക്കുട ഡിവൈ.എസ്.പി: കെ.ജി സുരേഷിന്റെയും കാട്ടൂർ ഇൻസ്‌പെക്ടർ ഇ.ആർ. ബൈജുവിന്റെയും നേതൃത്വത്തിലാണ് അറസ്റ്റ്. യു.കെ.യിൽ ഫിഷ് കട്ടറായി പ്രതിമാസം 1,80,000 ശമ്പളത്തിൽ ജോലിയും ഭർത്താവിനും മകനും കൂടി ഡിപെൻഡന്റ് വിസയും ശരിയാക്കി നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് കാട്ടൂർ കരാഞ്ചിറയിലുള്ള പരാതിക്കാരിയിൽ നിന്നുമാണ് പണം തട്ടിയത്. തൊടുപുഴയിലെ പ്രതിയുടെ കൊളമ്പസ് ജോബ്‌സ് ആൻഡ് എഡ്യുക്കേഷൻ സ്ഥാപനം വഴി പ്രതിയുടെ അക്കൗണ്ടിലേക്ക് 8,16,034 രൂപ കൈപ്പറ്റി തട്ടിപ്പ് നടത്തുകയായിരുന്നു. അന്വേഷണ സംഘത്തിൽ എസ്.ഐ: ബാബു ജോർജ്, രമ്യ കാർത്തികേയൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർ ശ്യാം എന്നിവരുണ്ടായിരുന്നു.