eye-infection

ബീജിംഗ്: മുഖത്ത് പറന്നുവന്നിരുന്ന പ്രാണിയെ കൊന്ന യുവാവിന് ഒരു കണ്ണിന്റെ കാഴ്‌ച നഷ്ടമായി. ചൈനയിലെ ഗ്വാംഗ്‌ഡോംഗ് പ്രവിശ്യയിലാണ് സംഭവം നടന്നത്. മുഖത്തുവന്നിരുന്ന ചെറുപ്രാണിയെ കൊന്നതിനുപിന്നാലെയുണ്ടായ അണുബാധയെത്തുടർന്ന് വു എന്ന യുവാവിന് ഇടതുകണ്ണിന്റെ കൃഷ്ണമണി നീക്കം ചെയ്യേണ്ടി വരികയായിരുന്നു.

തനിക്ക് ചുറ്റും കുറച്ചുനേരമായി പറക്കുകയായിരുന്ന പ്രാണിയെ മുഖത്ത് വന്നിരുന്നതിന് പിന്നാലെ യുവാവ് അടിച്ചുകൊല്ലുകയായിരുന്നു. ഒരുമണിക്കൂറിന് ശേഷം ഇടതുകണ്ണ് ചുവക്കുകയും തടിക്കുകയും ചെയ്തു. വേദനയും അനുഭവപ്പെടാൻ തുടങ്ങി. പിന്നാലെ യുവാവ് ചികിത്സ തേടിയെങ്കിലും ഇടതുകണ്ണിന്റെ കൃഷ്ണമണി നീക്കം ചെയ്യേണ്ടി വരികയായിരുന്നു.

യുവാവിന് ചെങ്കണ്ണാണ് ബാധിച്ചതെന്നാണ് ചൈനയിലെ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കണ്ണിനും ചുറ്റുമുള്ള ഭാഗങ്ങൾക്കും ഗുരുതരമായ വ്രണമുണ്ടായെന്നും മരുന്ന് കൊണ്ട് ഫലമില്ലെന്നും ഡോക്‌ടർമാർ അറിയിക്കുകയായിരുന്നു. അണുബാധ തലച്ചോറിലേക്ക് പടരാമെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് യുവാവിന്റെ ഇടതുകണ്ണ് മുഴുവനായും നീക്കം ചെയ്തത്.

ഡ്രെയിൻ ഫ്ളൈ എന്നുപേരുള്ള ഒരിനം ഈച്ചയാണ് യുവാവിന് അണുബാധയുണ്ടാകാൻ കാരണമായതെന്ന് സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. ഇവയുടെ ലാർവകൾ വെള്ളത്തിലാണ് വളരുന്നത്. കുളിമുറി, ബാത്ത്‌ടബ്ബ്, സിങ്ക്, അടുക്കള പോലുള്ള സ്ഥലങ്ങളിലാണ് ഡ്രെയിൻ ഫ്ളൈ കൂടുതലായും കാണപ്പെടുന്നത്. ഇത്തരം പ്രാണികൾ മുഖത്തോ മറ്റ് ശരീരഭാഗങ്ങളിലോ വന്നിരുന്നാൽ അടിച്ചുകൊല്ലരുതെന്നാണ് വിദഗ്ദ്ധർ പറയുന്നത്. പകരെ ഇവയെ ശാന്തമായി വീശിയോടിച്ചതിനുശേഷം അവ വന്നിരുന്ന ശരീരഭാഗത്ത് ശുദ്ധമായ വെള്ളം ഉപയോഗിച്ചോ ഉപ്പുവെള്ളം ഉപയോഗിച്ചോ കഴുകണം.