s

ന്യൂഡൽഹി: ബോളിവുഡ് നടൻ സൽമാൻ ഖാന്റെ വസതിക്കുനേരെ വെടിയുതിർത്ത കേസിൽ ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രം പുറത്ത്. ആക്രമണത്തിനുമുമ്പ് ഗുണ്ടാസംഘം ലോറൻസ് ബിഷ്‌ണോയിയുടെ സഹോദരൻ അൻമോൽ ബിഷ്‌ണോയ്‌ അക്രമികൾക്ക് മോട്ടിവേഷണൽ ക്ലാസെടുത്തതായി കുറ്റപത്രത്തിൽ പറയുന്നു.

വിക്കി ഗുപ്ത, സാഗർ പാൽ എന്നിവർക്കാണ് ഉപദേശം. സൽമാന്റെ വീടാക്രമിച്ചാൽ നിങ്ങൾ ചരിത്രമെഴുതുമെന്നും ജീവിതത്തിലെ ഏറ്റവും മികച്ച ജോലിയാണ് ചെയ്യാൻ പോകുന്നതെന്നും അൻമോൽ പറഞ്ഞു. ശബ്‌ദസന്ദേശം അയക്കുകയായിരുന്നു.

ജോലി നന്നായി ചെയ്യുക. ഇത് പൂർത്തിയായാൽ നിങ്ങൾ ചരിത്രം രചിക്കും. ഭയപ്പെടരുത്. ഇത് സമൂഹത്തിൽ മാറ്റം കൊണ്ടുവരുമെന്നും അൻമോൽ പറഞ്ഞു. 1735 പേജുള്ള കുറ്റപത്രമാണ് മുബയിലെ പ്രത്യേക കോടതിക്ക് മുമ്പാകെ സമർപ്പിച്ചത്.

ബാന്ദ്രയിലുള്ള സൽമാന്റെ ഗാല‌ക്‌സി അപ്പാർട്ട്മെന്റിനു നേരെ ഏപ്രിൽ 14നാണ് ആക്രമണമുണ്ടായത്. പുലർച്ചെ 4.55ന് അക്രമികൾ വെടിയുതിർക്കുകയായിരുന്നു.

ഈ സമയം സൽമാൻ വീട്ടിലുണ്ടായിരുന്നു. ബൈക്കിലെത്തിയ അക്രമികൾ മൂന്നുറൗണ്ട് വെടിയുതിർത്തു. കേസിൽ ഇതുവരെ ആറ് പേരാണ് അറസ്റ്റിലായത്.

അനൂജ് തപൻ എന്ന പ്രതി മേയ് ഒന്നിന് ജയിലിൽ തൂങ്ങിമരിച്ചു. ഇയാളാണ് വെടിവയ്ക്കാനുള്ള തോക്കും മറ്റും പ്രതികൾക്ക് എത്തിച്ചുനൽകിയത്.

ആക്രണമത്തിനുപിന്നിൽ ലോറൻസ് ബിഷ്‌ണോയ് സംഘമാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ബിഷ്‌ണോയിയുടെ സംഘത്തെ നയിക്കുന്ന രാജസ്ഥാനിലെ രോഹിത് ഗോദരയാണ് ആസൂത്രകൻ. സൽമാൻഖാൻ കൃഷ്ണമൃഗത്തെ വേട്ടയാടിയ സംഭവമാണ് വിരോധത്തിനു കാരണം.

വെടിവയ്പ് സൽമാനെ ഭയപ്പെടുത്തണം

സൽമാൻ ഖാനെ ഭയപ്പെടുത്തുന്ന തരത്തിൽ വെടിയുതിർക്കുക. ഹെൽമറ്റ് ധരിക്കരുതെന്നും സിഗരറ്റ് വലിക്കരുതെന്നും പ്രതികളോട് പറഞ്ഞു.

ആക്രമണത്തിന് മുമ്പ് ഇവരുമായി അൻമോൽ ബിഷ്‌ണോയ് നിരന്തരം ബന്ധപ്പെട്ടിരുന്നു. കാനഡയിലുണ്ടെന്ന് കരുതുന്ന അൻമോലിനെതിരെ

ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.