ധാംബുള്ള: ട്വന്റി-20 വനിതാ ഏഷ്യാ കപ്പിൽ അനായാസം ഫൈനലുറപ്പിച്ച് ഇന്ത്യ. സെമിയിൽ ബംഗ്സലാദേശിനെതിരെ പത്ത് വിക്കറ്റിന്റെ ഗംഭീര ജയം നേടിയാണ് ഇന്ത്യ ഫൈനലിൽ എത്തിയത്. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിനെ ഇന്ത്യ 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 80 റൺസിൽ ഒതുക്കി. ചെറിയ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യൻ ഓപ്പണർമാരായ സ്‌മൃതി മന്ഥനയും (39 പന്തിൽ 55), ഷഫാലി വെർമ്മയും (26) പുറത്താകാതെ ഇന്ത്യയെ അനായാസം വിജയലക്ഷ്യത്തിലെത്തിച്ചു 83/0. അർദ്ധ സെഞ്ച്വറി നേടിയ സ്‌മൃതിയുടെ ഇന്നിംഗ്സാണ് ഇന്ത്യൻ ചേസിംഗ് അനായാസമാക്കിയത്. 9 ഫോറും1 സിക്സും ഉൾപ്പെട്ടതാണ് സ്മൃതിയുടെ ഇന്നിംഗ്‌സ്.
നേരത്തെ പവർപ്ലേയിൽ 3 വിക്കറ്റ് വീഴ്ത്തിയ രേണുക സിംഗ് ബംഗ്ലാദേശിനെ തുടക്കിത്തിലേ പ്രതിസന്ധിയിലാക്കുകയായിരുന്നു. 4 ഓവറിൽ 1 മെയ്ഡനുൾപ്പെടെ 10 റൺസ് മാത്രം നൽകി 3 വിക്കറ്റ് വീഴ്ത്തിയ രേണുകയാണ് കളിയിലെ താരം. സ്പിന്നർ രാധായാദവും മൂന്ന് വിക്കറ്റ് വീഴ്ത്തി. ഇരുപതാം ഓവറിൽ 2 വിക്കറ്റ് വീഴ്ത്തിയ രാധ ആ ഓവർ മെയ്‌ഡനുമാക്കി.
5- ട്വന്റി-20 വനിതാ ഏഷ്യാകപ്പിന്റെ എല്ലാ എഡിഷനിലും ഫൈനലിലെത്താൻ ഇന്ത്യയ്ക്കായി. ഇത് ഇന്ത്യയുടെ അഞ്ചാം ഫൈനലാണ്.
1- ട്വന്റി-20യിൽ രണ്ട് തവണ അവസാന ഓവർ മെയ്ഡനാക്കുന്ന ആദ്യ താരമാണ രാധ യാദവ്. 2019ൽ വെസ്റ്റിൻഡീസിനെതിരെയും രാധ അവസാന ഓവർ മെയ്‌ഡനാക്കിയിരുന്നു.
3433- അന്താരാഷ്ട്ര ട്വന്റി-20യിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരങ്ങളിൽ മെഗ്‌ലാന്നിംഗിനെ (3415) മറികടന്ന് സ്‌മൃതി മന്ഥന രണ്ടാം സ്ഥാനത്തെത്തി. സൂസി ബെയ്‌റ്റ്‌സാണ് (4348) ഒന്നാമത്.