shoaib-malik-

ലാഹോർ: പാകിസ്ഥാൻ ആതിഥ്യം വഹിക്കുന്ന ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റിൽ കളിക്കാൻ ഇന്ത്യ വരണമെന്ന് മുൻ പാക് ക്യാപ്‌ടൻ ഷുഹൈബ് മാലിക്. കായികരംഗത്ത് രാഷ്ട്രീയമുണ്ടാകരുതെന്നും താരം പറഞ്ഞു. ഒരു പാക് മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.

'രാജ്യങ്ങൾക്കിടയിലുള്ള പ്രശ്‌നങ്ങൾ പ്രത്യേകമായി കണ്ട് പരിഹാരം കാണേണ്ടതാണ്. കായികരംഗത്ത് രാഷ്ട്രീയം വരരുത്. കഴിഞ്ഞവർഷം ഇന്ത്യയിൽ നടന്ന ഏകദിന ലോകകപ്പിനായി പാക് ടീം എത്തിയിരുന്നു. ഇന്ത്യയ്ക്കും തിരിച്ച് അതുപോലെ ചെയ്യാനുള്ള അവസരമാണിത്. പാകിസ്ഥാനിൽ കളിക്കാത്ത നിരവധി താരങ്ങൾ ഇന്ത്യൻ ടീമിലുണ്ടെന്നാണ് കരുതുന്നത്. ഇത് അവർക്കുള്ള അവസരമാണ്. ഞങ്ങൾ നല്ലവരാണ്. ഞങ്ങൾ ആതിഥ്യമര്യാദയുള്ളവരാണ്. ഇന്ത്യൻ ടീം തീർച്ചയായും വരുമെന്ന് ഞാൻ ഉറപ്പിക്കുന്നു'- ഷുഹൈബ് മാലിക് പറഞ്ഞു.

അടുത്ത വർഷം ഫെബ്രുവരിയിൽ പാകിസ്ഥാനിൽ നിശ്ചയിച്ചിരിക്കുന്ന ഐ.സി.സി. ചാമ്പ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്റിനായി പാകിസ്ഥാനിലേക്ക് ടീമിനെ അയക്കില്ലെന്ന് ഇന്ത്യൻ ക്രിക്കറ്റ് കൺടോൾ ബോർഡ് സൂചന നൽകിയിരുന്നു. ഇന്ത്യയുടെ മത്സരങ്ങൾ ദുബായിലോ ശ്രീലങ്കയിലോ വെച്ച് നടത്താൻ ബി.സി.സി.ഐ ആവശ്യപ്പെട്ടേക്കുമെന്നാണ് വിവരം.

2008ലെ മുംബയ് ഭീകരാക്രമണത്തിന് ശേഷം ഇന്ത്യൻ ക്രിക്കറ്റ് ടീം പാകിസ്ഥാനിലേക്ക് പോയിട്ടില്ല. 2012-13ൽ പാകിസ്ഥാൻ ഇന്ത്യയിലേക്ക് വന്നതൊഴിച്ചാൽ ഉഭയകക്ഷി പരമ്പരകളുമുണ്ടായിട്ടില്ല. ലോകകപ്പ് പോലുള്ള ടൂർണമെന്റുകൾക്കായി പാകിസ്ഥാൻ ടീമിനെ വരാൻ അനുവദിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം പാകിസ്ഥാനിൽ നടന്ന ഏഷ്യാകപ്പിലെ ഇന്ത്യയുടെ മത്സരങ്ങൾ ശ്രീലങ്കയിലാണ് നടത്തിയത്.

അടുത്തിടെ പാക് ക്രിക്കറ്റ് ബോർഡ് ഐ.സി.സിക്ക് സമർപ്പിച്ച ചാമ്പ്യൻസ് ട്രോഫിയുടെ കരട് ഫിക്സ്ചർ പ്രകാരം 2025 മാർച്ച് ഒന്നിന് ലാഹോറിലാണ് ഇന്ത്യ-പാക് മത്സരം നിശ്ചയിച്ചിരിക്കുന്നത്.