തിരുവനന്തപുരം: വിഴിഞ്ഞം കേരളത്തിന്റെ മുഖച്ഛായമാറ്റുമെന്നത് കാലങ്ങളായി കേള്‍ക്കുന്ന കാര്യമാണ്. പറയുന്നതും പറഞ്ഞതും വെറുതേയല്ലെന്ന് വിഴിഞ്ഞം തുറമുഖം കമ്മീഷന്‍ ചെയ്യുന്നതിന് മുമ്പ് തന്നെ തെളിയിക്കപ്പെടുകയാണ്. തുറമുഖത്ത് ട്രയല്‍ റണ്‍ ആരംഭിച്ചതോടെ വമ്പന്‍ കപ്പല്‍ കമ്പനികള്‍ തിരുവനന്തപുരത്തേക്ക് എത്തുകയാണ്. ട്രയല്‍ റണ്ണിന് ആദ്യമെത്തിയത് ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ കപ്പല്‍കമ്പനിയായ മെസ്‌കിന്റെ സാന്‍ ഫെര്‍ണാന്‍ഡോ എന്ന കപ്പലാണ്.
ഇപ്പോള്‍ ലഭിക്കുന്ന വിവരം അനുസരിച്ച് ലോകത്തിലെ ഏറ്റവും വലിയ കപ്പല്‍ കമ്പനിയായ മെഡിറ്ററേനിയന്‍ ഷിപ്പിംഗ് കമ്പനി (എം.എസ്.സി) വിഴിഞ്ഞത്തേക്ക് വരികയാണ്. കേരളത്തിലെ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരത്ത് ഓഫീസ് തുറക്കാന്‍ ഒരുങ്ങുകയാണ് കമ്പനി. എം.എസ്.സിയുടെ പ്രതിനിധികള്‍ തലസ്ഥാനത്ത് എത്തി തുറമുഖം സന്ദര്‍ശിച്ചുവെന്നാണ് വിവരം. കമ്പനിയുടെ സര്‍വീസ് ആരംഭിക്കുന്നതിനുള്ള രേഖകളും ഇതിനോടകം സമര്‍പ്പിച്ചുകഴിഞ്ഞു.
തുറമുഖത്തിലെ ഇപ്പോഴുള്ള ബെര്‍ത്തില്‍ തന്നെ ഒരേ സമയം രണ്ട് മദര്‍ ഷിപ്പുകള്‍ക്ക് അടുക്കാനുള്ള സ്ഥലമുണ്ട്. പദ്ധതിയുടെ അന്തിമ ഘട്ടം പൂര്‍ത്തിയാകുമ്പോള്‍ ഒരേസമയം അഞ്ച് മദര്‍ഷിപ്പുകള്‍ വരെ തീരത്തോട് അടുക്കും. തുറമുഖം കമ്മീഷന്‍ ചെയ്യപ്പെടുമ്പോള്‍ പ്രവര്‍ത്തിക്കുന്നതിനായി കൂടുതല്‍ കപ്പല്‍ കമ്പനികളുമായി തുറമുഖത്തിന്റെ നടത്തിപ്പ് ചുമതലയുള്ള അദാനി ഗ്രൂപ്പ് ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. വിഴിഞ്ഞം വഴിയുള്ള ചരക്കുനീക്കം സമയവും ചെലവും കുറയ്ക്കുമെന്നാണ് വിലയിരുത്തല്‍. നിലവില്‍ ട്രാന്‍സ്ഷിപ്മെന്റ് അനുമതി മാത്രമാണ് വിഴിഞ്ഞം തുറമുഖത്തിന് ലഭിച്ചിട്ടുള്ളത്.
ഇതുവരെ മൂന്ന് കണ്ടെയ്നറുകള്‍ വിഴിഞ്ഞത്ത് എത്തി മടങ്ങിപ്പോയി. സെപ്റ്റംബര്‍ വരെ ട്രയല്‍ റണ്ണിന്റെ ഭാഗമായി കൂടുതല്‍ കപ്പലുകള്‍ എത്തും. എം.എസ്.സി.യുടെ കപ്പലും ഇക്കാലയളവില്‍ വിഴിഞ്ഞത്ത് എത്തുമെന്നാണ് സൂചന. നിലവില്‍ കൊളംബോ തുറമുഖത്ത് വമ്പന്‍ മദര്‍ഷിപ്പുകള്‍ക്ക് ചരക്കിറക്കാന്‍ ദിവസങ്ങളോളം കാത്തുകിടക്കേണ്ട സാഹചര്യമുണ്ട്. ഈ സാഹചര്യമാണ് വിഴിഞ്ഞത്തിനെ അന്താരാഷ്ട്ര കമ്പനികള്‍ക്ക് കൂടുതല്‍ സൗകര്യമുള്ളതാക്കുന്നത്.