വാഷിംഗ്ടൺ: ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥിയാകാൻ കമലാ ഹാരിസിന് പിന്തുണ പ്രഖ്യാപിച്ച് മുൻ പ്രസിഡന്റ് ബറാക്ക് ഒബാമ. മുൻ സ്പീക്കർ നാൻസി പെലോസി അടക്കം മുൻനിര നേതാക്കൾ കമലയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടും ഒബാമ മൗനം തുടർന്നത് അഭ്യൂഹങ്ങൾക്ക് വഴിവച്ചിരുന്നു. ഒബാമയുടെ പത്നി മിഷേലും കമലയ്ക്ക് പിന്തുണയറിയിച്ചു. കമലയുടെ ജയത്തിന് സാദ്ധ്യമായതെല്ലാം ചെയ്യുമെന്ന് ഇരുവരും പറഞ്ഞു.
പ്രസിഡന്റ് ജോ ബൈഡൻ സ്ഥാനാർത്ഥിത്വം ഉപേക്ഷിച്ചാൽ മിഷേലിനെ ആ സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന് ഒരു വിഭാഗം ഡെമോക്രാറ്റുകൾ ആഗ്രഹിച്ചിരുന്നു. എന്നാൽ തിരഞ്ഞെടുപ്പ് നവംബറിൽ നടക്കാനിരിക്കെ പുതിയ ആളെ പരീക്ഷിക്കുന്നത് പ്രായോഗികമല്ലെന്ന് അഭിപ്രായമുയർന്നു.
കമല സ്ഥാനാർത്ഥിയാകുന്നതിനോട് ഒബാമയ്ക്ക് താത്പര്യമില്ലെന്ന റിപ്പോർട്ടുകളും ഇതിനിടെ പുറത്തുവന്നിരുന്നു. അരിസോണ സെനറ്റർ മാർക്ക് കെല്ലിയെ നോമിനിയാക്കാൻ ഒബാമ ആഗ്രഹിച്ചെന്നും പറയപ്പെടുന്നു. എന്നാൽ അവസാന നിമിഷം എതിർപ്പ് പ്രകടിപ്പിക്കുന്നത് പാർട്ടിയുടെ ജയസാദ്ധ്യതയെ ബാധിക്കുമെന്നതിനാൽ ഒബാമ തീരുമാനം മാറ്റിയെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം, ഓഗസ്റ്റിലെ പാർട്ടി കൺവെൻഷനിൽ കമലയ്ക്ക് ഔദ്യോഗിക സ്ഥാനാർത്ഥിത്വം അനായാസം നേടാനാകുമെന്നതിൽ സംശയമില്ല. വോട്ടിംഗ് അവകാശമുള്ള ഭൂരിഭാഗം ഡെലിഗേറ്റുകളുടെയും നൂറിലേറെ മുതിർന്ന നേതാക്കളുടെയും പിന്തുണ കമല ഉറപ്പാക്കി. പ്രചാരണ പരിപാടികളിൽ സജീവമായ കമല റിപ്പബ്ലിക്കൻ പാർട്ടിക്ക് നേരെയുള്ള ആക്രമണവും കടുപ്പിച്ചു.
അധികാരത്തിലെത്തിയാൽ രാജ്യത്തെ നശിപ്പിക്കാൻ ശേഷിയുള്ള തീവ്ര ഇടതുപക്ഷക്കാരിയാണ് കമല. കമലയ്ക്ക് മത്സരിക്കാൻ പോലും യോഗ്യതയില്ല. മറ്റൊരാൾക്ക് വേണ്ടി ഡെമോക്രാറ്റുകൾ ഇപ്പോഴും ആഗ്രഹിക്കുന്നു.
-ഡൊണാൾഡ് ട്രംപ്
ഗാസ യുദ്ധം നിറുത്തണം
ഗാസയിലെ യുദ്ധം അവസാനിപ്പിക്കാറായെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനോട് കമല. യു.എസ് സന്ദർശനത്തിലുള്ള നെതന്യാഹു പ്രസിഡന്റ് ബൈഡന് പിന്നാലെ കമലയുമായി കൂടിക്കാഴ്ച നടത്തിയപ്പോഴാണിത്. ഇസ്രയേലിന്റെ സ്വയം പ്രതിരോധത്തിനുള്ള അവകാശത്തെ പൂർണമായും പിന്തുണയ്ക്കുന്നു. എന്നാൽ, ഗാസയിൽ മരണസംഖ്യ ഉയരുന്നത് ആശങ്കാജനകമാണെന്നും കമല വ്യക്തമാക്കി.
വാൻസിനെതിരെ പ്രതിഷേധം
കമലയെ ആക്ഷേപിച്ച റിപ്പബ്ലിക്കൻ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥി ജെ.ഡി. വാൻസിനെതിരെ പ്രതിഷേധം. 2021ലെ ഒരു അഭിമുഖത്തിനിടെ കമലയെ കുട്ടികളില്ലാത്ത സ്ത്രീയെന്ന് വാൻസ് വിശേഷിപ്പിച്ചതാണ് വീണ്ടും ചർച്ചയായത്. കമലയുടെ ഭർത്താവ് ഡഗ്ലസ് എംഹോഫും അദ്ദേഹത്തിന്റെ ആദ്യ ഭാര്യയിലെ മകൾ എല്ലയും കമലയെ പിന്തുണച്ച് എത്തി. താനും സഹോദരൻ കോളും കമലയുടെയും മക്കളാണെന്ന് എല്ല പ്രതികരിച്ചു.
ട്രംപിനേറ്റത് ബുള്ളറ്റ് തന്നെയോ ?
ട്രംപിന് ശരിക്കും വെടിയേറ്റോ എന്ന് സംശയം ഉന്നയിച്ച് അന്വേഷണ ഏജൻസിയായ ഫെഡറൽ ബ്യൂറോ ഒഫ് ഇൻവെസ്റ്റിഗേഷൻ (എഫ്.ബി.ഐ) തലവൻ. വധശ്രമം അന്വേഷിക്കുന്ന ജനപ്രതിനിധി സഭാ കമ്മിറ്റിക്ക് മുമ്പിലാണ് എഫ്.ബി.ഐ ഡയറക്ടർ ക്രിസ്റ്റഫർ റേ സംശയം പ്രകടിപ്പിച്ചത്. ബുള്ളറ്റ് നേരിട്ട് ട്രംപിന്റെ ചെവിയിൽ കൊണ്ടോ, അതോ മറ്റെവിടെയെങ്കിലും കൊണ്ട് ചിതറിയ ബുള്ളറ്റിന്റെ ചീളുകൾ തറച്ചതാണോ എന്നതിൽ വ്യക്തത വരേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. റേയ്ക്കെതിരെ ട്രംപും റിപ്പബ്ലിക്കൻമാരും രംഗത്തെത്തി.