ധാംബുള്ള: വനിതകളുടെ ഏഷ്യ കപ്പ് ക്രിക്കറ്റില്‍ ഇന്ത്യ ഫൈനലില്‍. സെമിഫൈനല്‍ പോരാട്ടത്തില്‍ ബംഗ്ലാദേശിനെ പത്ത് വിക്കറ്റിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. 81 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ ഒമ്പത് ഓവറുകള്‍ ബാക്കി നില്‍ക്കെയാണ് ജയം സ്വന്തമാക്കിയത്. രണ്ടാം സെമി ഫൈനലില്‍ പാകിസ്ഥാന്‍ ശ്രീലങ്കയെ നേരിടുകയാണ്. ഈ മത്സരത്തിലെ വിജയികളാണ് കലാശപ്പോരില്‍ ഇന്ത്യയുടെ എതിരാളികള്‍.
സ്‌കോര്‍: ബംഗ്ലാദേശ് 80-8 (20), ഇന്ത്യ 83-0(11)
ചെറിയ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് വേണ്ടി ഓപ്പണര്‍ സ്മൃതി മന്ദാന 55*(39) അര്‍ദ്ധ സെഞ്ച്വറി നേടിയപ്പോള്‍ ഷെഫാലി വര്‍മ്മ 26*(28) റണ്‍സ് നേടി. ഒമ്പത് ഫോറും ഒരു സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു മന്ദാനയുടെ ഇന്നിംഗ്‌സ്. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിനെ നാലോവറില്‍ പത്ത് റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ രേണുക സിംഗ് ആണ് പിടിച്ചുകെട്ടിയത്. നാലോവറില്‍ 14 റണ്‍സ് മാത്രം വഴങ്ങി രാധ യാദവും മൂന്ന് വിക്കറ്റ് വീഴ്ത്തി. പൂജ വസ്ത്രാക്കര്‍, ദീപ്തി ശര്‍മ്മ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
ബംഗ്ലാ ബാറ്റിംഗ് നിരയില്‍ വെറും രണ്ട് പേര്‍ മാത്രമാണ് രണ്ടക്കം കടന്നത്. ക്യാപ്റ്റന്‍ നൈഗര്‍ സുല്‍ത്താന 32(51) ഷൊര്‍ണ അക്തര്‍ 19(18) എന്നിവര്‍ മാത്രമാണ് പിടിച്ചുനിന്നത്. ഒരു മത്സരം പോലും പരാജയപ്പെടാതെയാണ് ഇന്ത്യ ഫൈനലിന് യോഗ്യത നേടിയത്. ഗ്രൂപ്പ് ഘട്ടത്തില്‍ പാകിസ്ഥാന്‍, യുഎഇ, നേപ്പാള്‍ എന്നിവരെയാണ് ഇന്ത്യന്‍ വനിതകള്‍ പരാജയപ്പെടുത്തിയത്.