കൊളംബോ: ശ്രീലങ്കയിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പ് സെപ്‌തംബർ 21ന് നടക്കും. ഓഗസ്റ്റ് 15ന് നോമിനേഷൻ സമർപ്പിക്കണം. നിലവിലെ പ്രസിഡന്റ് റെനിൽ വിക്രമസിംഗെ സ്വതന്ത്രനായി മത്സരിക്കും. കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെയും കലാപത്തിന്റെയും പശ്ചാത്തലത്തിൽ മുൻ പ്രസിഡന്റ് ഗോതബയ രാജപക്സ രാജിവച്ചതോടെ 2022 ജൂലായിലാണ് 75കാരനായ റെനിൽ അധികാരമേറ്റത്. കടക്കെണിയിൽ മുങ്ങിയ രാജ്യത്തിന്റെ സാമ്പത്തികനിലയെ തിരിച്ചുപിടിക്കാനുള്ള കഠിന പരിശ്രമം റെനിലിന്റെ നേതൃത്വത്തിൽ തുടങ്ങിയിരുന്നു. പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസയാണ് തിരഞ്ഞെടുപ്പിൽ റെനിലിന്റെ പ്രധാന എതിരാളി.