book

കൊച്ചി: നാടിനെ മുന്നോട്ടുകൊണ്ടുപോകുന്നവരാണ് സിവിൽ സർവീസ് ഉദ്യോഗസ്ഥരെന്ന് നടൻ മമ്മൂട്ടി പറഞ്ഞു. എറണാകുളം ജില്ലാ മുൻ കളക്ടറും റവന്യൂ ദേവസ്വം സെക്രട്ടറിയുമായ എം.ജി രാജമാണിക്യത്തിന്റെ ആദ്യകൃതി 'അൻബോട് രാജമാണിക്യം' എം.ജി. രാജമാണിക്യത്തിന്റെ അമ്മയ്ക്ക് കൈമാറി പ്രകാശനം ചെയ്തശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രിമാർക്കും രാഷ്ട്രീയ പ്രവർത്തകർക്കും എല്ലാകാര്യങ്ങളും അറിവുണ്ടാകണമെന്നില്ല. അവരുമായെല്ലാം ചർച്ചചെയ്ത് പഠിച്ച് കൈക്കൊള്ളുന്ന തീരുമാനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്ന മുഖ്യകണ്ണികളാണ് സിവിൽ സർവീസ് ഉദ്യോഗസ്ഥർ. ഐ.എ.എസ് ഉദ്യോഗസ്ഥർ എത്ര നന്നാകുന്നുവോ അത്രയും നമ്മുടെ നാടും നന്നാകും. കേരളാ കേഡറിൽ എത്തുന്ന ഉദ്യോഗസ്ഥർക്ക് കേരളത്തിൽ നിന്ന് വിട്ടുപോകാൻ താത്പര്യമില്ല. രാജമാണിക്യവും കേരളത്തിൽ തന്നെയുണ്ടാകുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും മമ്മൂട്ടി പറഞ്ഞു. കലൂർ ഐ.എം.എ ഹൗസിൽ നടന്ന ചടങ്ങിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി, കൊച്ചി മെട്രോ സി.എം.ഡി ലോക്‌നാഥ് ബെഹ്‌റ, സിറ്റി പൊലീസ് കമ്മിഷണർ എസ്. ശ്യാം സുന്ദർ, മുൻ ഡി.ജി.പി ടോമിൻ ജെ. തച്ചങ്കരി, എം.എൽ.എമാരായ ടി.ജെ. വിനോജ്, റോജി എം. ജോൺ, രാജമാണിക്യത്തിന്റെ കുടുംബാംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.