cricket

ചെന്നൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീറിനെ വിശ്വസിക്കാന്‍ പറ്റില്ലെന്നും മുമ്പ് പറഞ്ഞ തീരുമാനങ്ങളില്‍ നിന്ന് യൂ ടേണ്‍ എടുക്കുന്നയാളാണെന്നും മുന്‍ ഇന്ത്യന്‍ താരം കെ. ശ്രീകാന്ത്. ഗംഭീറിന്റെ പല മുന്‍ പ്രസ്താവനകളും പരിശോധിച്ചാല്‍ ഇക്കാര്യം മനസ്സിലാകുമെന്നും 1983ലെ ലോകകപ്പ് ജേതാവായ ശ്രീകാന്ത് പറഞ്ഞു. വിരാട് കൊഹ്ലി രോഹിത് ശര്‍മ്മ എ്‌നിവരെ കുറിച്ച് ഗംഭീര്‍ നടത്തിയ ഒരു പ്രസ്താവനയാണ് ശ്രീകാന്തിന്റെ പ്രതികരണത്തിന് കാരണം.

2027ലെ ഏകദിന ലോകകപ്പില്‍ ഫിറ്റ്‌നെസുണ്ടെങ്കില്‍ വിരാട് കൊഹ്ലിക്കും രോഹിത് ശര്‍മ്മയ്ക്കും കളിക്കാമെന്നും ഇരുവരിലും ഇനിയും ഒരുപാട് ക്രിക്കറ്റ് ബാക്കിയുണ്ടെന്നുമാണ് ഗംഭീര്‍ പറഞ്ഞത്. എന്നാല്‍ ഇത് വിശ്വസിക്കേണ്ടെന്നാണ് ശ്രീകാന്ത് പറയുന്നത്. ട്വന്റി 20 ലോകകപ്പില്‍ നന്നായി കളിച്ചില്ലെങ്കില്‍ രോഹിത്തും കൊഹ്ലിയും ടീമിന് പുറത്താകുമെന്ന് പറഞ്ഞ വ്യക്തിയാണ് ഗംഭീറെന്നും ഇപ്പോള്‍ അത് മാറ്റിപ്പറഞ്ഞുവെന്നും ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു.

2027 ലോകകപ്പില്‍ വിരാട് കൊഹ്ലി കളിച്ചാലും രോഹിത് ശര്‍മ്മ കളിക്കാനുള്ള സാദ്ധ്യതയില്ലെന്നും ശ്രീകാന്ത് അഭിപ്രായപ്പെട്ടു. നോക്കൂ നിലവില്‍ രോഹിത്തിന് പ്രായം 37 ആണ്. 'രോഹിത് ഒരു നല്ല കളിക്കാരനാണ്, അടുത്ത ഏകദിന ലോകകപ്പ് മൂന്ന് വര്‍ഷം കൂടി മുന്നിലാണ്. അപ്പോള്‍ അവന് 40 വയസ്സ് തികയും. നിങ്ങള്‍ക്ക് 40-കളില്‍ ലോകകപ്പ് കളിക്കാന്‍ കഴിയില്ല. അതെ, വിരാട് കോഹ്ലിക്ക് 2027 ലോകകപ്പില്‍ കളിക്കാനാകുമെന്ന് ഉറപ്പാണ്. പക്ഷേ രോഹിതിന് കഴിയില്ല. അദ്ദേഹം ദക്ഷിണാഫ്രിക്കയില്‍ തളര്‍ന്നുപോകും- ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു.