കൊച്ചി: വിമാനത്താവളത്തില്‍ ഫ്‌ളൈറ്റിനായി മണിക്കൂറുകള്‍ കാത്തിരിക്കേണ്ടിവരുന്നത് വിരസതയുണ്ടാക്കുന്ന കാര്യമാണ്. എത്ര സൗകര്യമുള്ള വിമാനത്താവളമായാലും കാത്തിരിപ്പ് ഒരു ബുദ്ധിമുട്ടുള്ള പണിയാണ്. എന്നാല്‍ കൊച്ചി വിമാനത്താവളത്തിലെത്തുന്ന യാത്രക്കാര്‍ക്ക് ഇനി കാത്തിരുന്ന് മുഷിയേണ്ടി വരില്ല. നെടുമ്പാശേരി വിമാനത്താവളത്തിലെത്തുന്ന യാത്രക്കാര്‍ക്ക് കുറഞ്ഞ ചെലവില്‍ താമസ സൗകര്യം ഒരുക്കുകയാണ് സിയാല്‍.
42 മുറികളും നാല് സ്യൂട്ട് റൂമുകളും അഞ്ച് കോണ്‍ഫറന്‍സ് ഹാളുകളും ഉള്‍പ്പെടുന്ന ട്രാന്‍സിറ്റ് ലോഞ്ച് സൗകര്യം വിമാനത്താവളത്തിനോട് ചേര്‍ന്ന് അധികം വൈകാതെ പ്രവര്‍ത്തനം ആരംഭിക്കും. യാത്രയ്ക്കായി എത്തുന്നവരും പുറത്തേക്ക് പോകാനായി വരുന്നവരും വിമാനത്താവളത്തിന് സമീപമുള്ള ഹോട്ടലുകളില്‍ വലിയ വാടക നല്‍കി മുറിയെടുക്കേണ്ടി വന്നിരുന്നു. ഇത് പലര്‍ക്കും അധികബാധ്യത വരുത്തിയിരുന്നു. പുതിയ സംവിധാനം വരുന്നതോടെ കുറഞ്ഞ ചെലവില്‍ മികച്ച സൗകര്യം ആസ്വദിക്കാന്‍ സാധിക്കും.
42 കോടി രൂപ മുടക്കിയാണ് ട്രാന്‍സിറ്റ് ലോഞ്ച് നിര്‍മ്മിച്ചിരിക്കുന്നത്. മുറികളില്‍ വളരെ മികച്ച സൗകര്യങ്ങളാണ് യാത്രക്കാര്‍ക്ക് വേണ്ടി ഒരുക്കിയിരിക്കുന്നത്. കുറച്ച് സമയം മാത്രമായി മുറി ആവശ്യമുള്ളവര്‍ക്ക് മണിക്കൂര്‍ അടിസ്ഥാനത്തില്‍ വാടക നല്‍കിയും വിശ്രമിക്കാന്‍ സൗകര്യമുണ്ടാകും. ബാര്‍, ജിംനേഷ്യം, സ്പാ, റെസ്റ്റോറന്റ് അടക്കം എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. നടത്തിപ്പ് പ്രെഫഷണല്‍ ഏജന്‍സിയെയാകും ഏല്‍പ്പിക്കുക. അടുത്ത മാസം തന്നെ ഉദ്ഘാടനം നടക്കുമെന്നാണ് വിവരം.വാടക സംബന്ധിച്ച മറ്റ് വിശദാംശങ്ങള്‍ സിയാല്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.