ac

വീട്ടിൽ ചൂടകറ്റാൻ ഫാനിനെയും എ.സിയെയും ആശ്രയിക്കുന്നവരാണ് ഭൂരിപക്ഷം പേരും. എന്നാൽ നല്ലപോലെ സൂക്ഷിച്ചില്ലെങ്കിൽ ഇവർ നിങ്ങൾക്ക് തന്നെ തലവേദന സൃഷ്ടിക്കും. എന്താണെന്നറിയാൻ തല ഉയർത്തി ഫാനിലേക്കൊന്ന് നോക്കിയാൽ മതി. ഫാനിന്റെ ലീഫുകളിൽ കാണാം പൊടിയുടെ കൂമ്പാരം. എ.സി തുറന്നുനോക്കിയാലും കാണാം പൊടി. . പൊടി പിടിക്കുന്നതോടെ ഫാനിന്റെ സ്പീഡ് കുറയുന്നത് വീട്ടിലെ സ്ഥിരം പരിപാടിയാണ്. വൃത്തിയാക്കിയെടുത്താൽ ഇവ രണ്ടും കൂടുതൽ നന്നായി പ്രവർത്തിക്കും. മുറിക്കകത്ത് തണുപ്പും ലഭിക്കും.

എന്നാൽ ഫാനും എ.സിയുമില്ലാതെ വീട്ടിനകത്ത് ചില മാറ്റങ്ങൾ വരുത്തിയാലും ചൂട് കുറയ്ക്കാനാകും. വീട്ടിനുള്ളിൽ ആവശ്യമുള്ളിടത്തും ഇല്ലാത്തിടത്തും സാധനങ്ങൾ വാരിവലിച്ചുവയ്ക്കുന്നത് മുറിയിലെ വായുസഞ്ചാരത്തെ തടസപ്പെടുത്തുന്നു. മുറിക്കകത്ത് വായുസഞ്ചാരം വർദ്ധിച്ചാൽ അത് താപനില ഗണ്യമായി കുറയ്ക്കും.

വീട്ടുമുറ്റത്തിരിക്കുന്ന ചെടികളും മറ്റും മുറ്റത്തു നിന്ന് മാറ്റി വീട്ടിനകത്തേക്ക് വായുസഞ്ചാരം സാധ്യമാകുന്ന ഭാഗങ്ങളോടു ചേർന്ന് വച്ചാൽ മുറിയിലേക്ക് വരുന്ന സൂര്യപ്രകാശത്തിന്റെ തീവ്രത കുറയും. അത് ചൂട് കുറയ്ക്കാന്‍ സഹായിക്കും.

ഫാനും എ.സി.യും ഒഴികെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉപയോഗം പരമാവധി കുറയ്ക്കുക. 'അവ്ൻ' പോലുള്ള ഉപകരണങ്ങളിൽ നിന്ന് പുറന്തള്ളുന്ന ചൂട് അടുക്കളയിൽനിന്ന് മറ്റ് മുറികളിലേക്കെത്തും. അത് താപനില കൂടുതൽ ഉയര്‍ത്തും.

വീടിന്റെ പിറകുവശത്തോ, വശങ്ങളിലോ ഒരു തടസവുമില്ലാതെ മുറിയിലേക്ക് സൂര്യതാപം നേരിട്ട് എത്തുന്ന ജാലകങ്ങൾക്ക് പകരം 'ബാംബൂ ഷട്ടറു'കൾ ഉപയോഗിച്ചാൽ മുറിക്കകത്ത് ചൂട് എത്തുന്നത് പരമാവധി കുറയ്ക്കാം. വീടിന് 'ഫാൾസ് സീലിംഗ്' നൽകുന്നതും ചൂടിൽ നിന്ന് രക്ഷനേടാൻ സഹായിക്കും.