കൊച്ചി: കേന്ദ്ര ബഡ്ജറ്റില്‍ എക്സൈസ് തീരുവ കുറച്ചതോടെ കഴിഞ്ഞ നാല് ദിവസത്തിനിടെ രാജ്യത്തെ സ്വര്‍ണ വിപണിയിലെ നഷ്ടം 10 ലക്ഷം കോടി രൂപ കവിഞ്ഞു. ഇക്കാലയളവില്‍ പവന്‍ വില 3,720 രൂപ കുറഞ്ഞ് 50,400 രൂപയിലേക്ക് താഴ്ന്നു. ബഡ്ജറ്റ് ദിവസം രണ്ട് ഘട്ടങ്ങളിലായി 2,200 രൂപയും വ്യാഴാഴ്ച 760 രൂപയുമാണ് കുറഞ്ഞത്. ഇന്നലെ പവന് 800 രൂപയും ഗ്രാമിന് നൂറ് രൂപയും ഇടിഞ്ഞു.
ഇന്ത്യയിലെ സ്വര്‍ണ ശേഖരം
ലോകത്തിലെ മൊത്തം സ്വര്‍ണത്തിന്റെ 11 ശതമാനം ഇന്ത്യന്‍ ഭവനങ്ങളില്‍ ആഭരണമായി സൂക്ഷിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തുന്നത്. അമേരിക്ക, ജര്‍മ്മനി, സ്വിറ്റ്‌സര്‍ലന്‍ഡ്, രാജ്യാന്തര നാണയ നിധി എന്നിവയുടെ കൈവശമുള്ള മൊത്തം ശേഖരത്തേക്കാള്‍ കൂടുതല്‍ സ്വര്‍ണം ഇന്ത്യയ്ക്കാരുടെ കൈവശമുണ്ടെന്നും ഗവേഷണ ഏജന്‍സികള്‍ പറയുന്നു. ഇന്ത്യന്‍ കുടുംബങ്ങളിലും ക്ഷേത്രങ്ങളിലും 30,000 ടണ്‍ സ്വര്‍ണം സൂക്ഷിച്ചിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്.
ആശങ്കയോടെ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും
സ്വര്‍ണത്തിന്റെ ഈടിന്മേല്‍ വായ്പകള്‍ നല്‍കിയിട്ടുള്ള ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും വിലയിടിവില്‍ കടുത്ത ആശങ്കയിലാണ്. നാല് ദിവസങ്ങളിലായി വിലയില്‍ എട്ട് ശതമാനത്തിനടുത്ത് സ്വര്‍ണത്തിന്റെ വില കുറഞ്ഞതോടെ ബാങ്കുകളുടെ വായ്പാ മാര്‍ജിനില്‍ വലിയ ഇടിവുണ്ടായി. സ്വര്‍ണത്തിന്റെ വിപണി മൂല്യത്തിന്റെ 85 ശതമാനം തുകയാണ് വായ്പയായി ധന സ്ഥാപനങ്ങള്‍ നല്‍കുന്നത്. വില റെക്കാഡ് ഉയരത്തില്‍ നിന്ന് കഴിഞ്ഞ ദിവസങ്ങളില്‍ 5,000 രൂപയ്ക്കടുത്ത് കുറഞ്ഞതോടെ ഉപഭോക്താക്കളില്‍ നിന്ന് അധിക സ്വര്‍ണം ഈടായി നല്‍കിയില്ലെങ്കില്‍ വായ്പയുടെ ഒരു ഭാഗം ഉടനടി തിരിച്ചടക്കാന്‍ ബാങ്കുകള്‍ ആവശ്യപ്പെട്ടേക്കും.
വില ഇനിയും കുറഞ്ഞേക്കും
ബഡ്ജറ്റ് പ്രഖ്യാപനത്തിന്റെ പ്രതിഫലനം പൂര്‍ണമായും വിലയില്‍ ദൃശ്യമായി കഴിഞ്ഞു. എന്നാല്‍ ചൈന വാങ്ങല്‍ മയപ്പെടുത്തിയതും ഇറക്കുമതി ചുങ്കത്തിലെ കുറവും മൂലം ആഗോള വിപണിയില്‍ സ്വര്‍ണ വില ഇനിയും താഴ്‌ന്നേക്കും. അഡ്വ. എസ്. അബ്ദുല്‍ നാസര്‍- ട്രഷറര്‍, എ.കെ.ജി.എസ്.എം.എ
പവന്‍ വിലയിലെ മാറ്റം
ജൂലായ് 22,2024 ജൂലായ് 26,2024
54,120 രൂപ 50,400 രൂപ
30,000 ടണ്‍ സ്വര്‍ണത്തിന്റെ മൂല്യയിടിവ്
202.63 ലക്ഷം കോടി രൂപ 193.50 ലക്ഷം കോടി രൂപ 1