cc

ജനീവ: ഗാസയിലേക്ക് പത്ത് ലക്ഷത്തിലേറെ പോളിയോ വാക്സിനുകൾ എത്തിക്കാനൊരുങ്ങി ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ). വരും ആഴ്ചകളിൽ ഗാസയിലെ കുഞ്ഞുങ്ങൾക്ക് നൽകാനാകുമെന്നാണ് പ്രതീക്ഷ. ഗാസയിലെ മലിന ജല സാമ്പിളിൽ പോളിയോ വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയതോടെയാണ് ഡബ്ല്യു.എച്ച്.ഒ അടിയന്തര നടപടികൾക്കൊരുങ്ങുന്നത്.

ഇതുവരെ പോളിയോ കേസുകൾ ഗാസയിൽ കണ്ടെത്തിയിട്ടില്ലെങ്കിലും സുരക്ഷിതമല്ലാത്ത സാഹചര്യത്തിൽ ജീവിക്കുന്ന ആയിരക്കണക്കിന് കുട്ടികളിലേക്ക് പ്രതിരോധ മാർഗ്ഗങ്ങൾ ഉടൻ എത്തേണ്ടത് അനിവാര്യമാണെന്ന് ഡബ്ല്യു.എച്ച്.ഒ ഡയറക്ടർ ജനറൽ ടെഡ്രോസ് അഥനോം ഗബ്രിയേസസ് പറഞ്ഞു. കഴിഞ്ഞ ഒമ്പത് മാസമായി ഗാസയിലെ വാക്സിൻ ക്യാമ്പെയ്നുകൾ നിലച്ചിരിക്കുകയാണ്.

അഞ്ച് വയസിൽ താഴെയുള്ള കുട്ടികൾക്കാണ് പോളിയോ വൈറസിന്റെ ഭീഷണി കൂടുതൽ. അതിൽ തന്നെ രണ്ട് വയസിൽ താഴെയുള്ള കുട്ടികളുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണം. വാക്സിനേഷൻ വ്യാപിച്ചതോടെ 1988 മുതൽ പോളിയോ കേസുകളിൽ 99 ശതമാനം കുറവാണുണ്ടായത്. അതിനിടെ, തങ്ങളുടെ സൈനികർക്ക് പോളിയോ വാക്സിൻ നൽകുമെന്ന് ഇസ്രയേൽ വ്യക്തമാക്കി.

അതേ സമയം, ഹെപറ്റൈറ്റിസ് എ അടക്കമുള്ള മറ്റ് രോഗങ്ങളും ഗാസയിൽ വ്യാപിക്കുകയാണെന്ന് ഐക്യരാഷ്ട്ര സംഘടന പറയുന്നു. മതിയായ വെള്ളമോ ഭക്ഷണമോ മരുന്നോ ഇല്ലാതെ അഭയാർത്ഥി ക്യാമ്പുകളിലും മറ്റും ആയിരങ്ങൾ തിങ്ങിപ്പാർക്കുന്നത് രോഗവ്യാപന ഭീതി ഉയർത്തുന്നു.