ന്യൂയോർക്ക് : ഓർഡർ ചെയ്ത ഭക്ഷണ പാഴ്സലിൽ ചിക്കൻ സ്ട്രിപ്പും (ചിക്കൻ ഫിൻഗർ) സോസും ഇല്ലാതിരുന്നതിന്റെ പേരിൽ ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റ് മാനേജറെ കാറിടിച്ച് വീഴ്ത്തി യുവതി. യു.എസിലെ മിസോറിയിലായിരുന്നു സംഭവം. ഈ മാസം 16ന് നടന്ന സംഭവത്തിന്റെ അന്വേഷണ റിപ്പോർട്ട് കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരാക്കിയതോടെയാണ് വാർത്ത പുറംലോകമറിഞ്ഞത്.
പ്രതി ടലാൻയ എൽ കാർട്ടറെ (41) പൊലീസ് അറസ്റ്റ് ചെയ്തു. സെന്റ് ലൂയിസിലെ ജാക്ക് ഇൻ ദ ബോക്സ് റെസ്റ്റോറന്റിന്റെ വനിതാ മാനേജറെയാണ് ഇവർ കാറിടിപ്പിച്ച് വീഴ്ത്തിയത്. പാഴ്സലിൽ ഒരു ചിക്കൻ സ്ട്രിപ്പ് ഇല്ലെന്ന് കാട്ടി റെസ്റ്റോറന്റിലെത്തിയ സ്ത്രീ മാനേജറോട് പരാതി പറഞ്ഞു. തുടർന്ന് പകരം ഒരു ചിക്കൻ സ്ട്രിപ്പ് നൽകി മാനേജർ പ്രശ്നം പരിഹരിച്ചു.
എന്നാൽ, റാഞ്ച് (പാൽ/സംഭാരം, മയൊണൈസ് എന്നിവ ചേർത്ത് തയ്യാറാക്കുന്ന ഒരുതരം ക്രീമി ഡിപ്പിംഗ് സോസ് ) കിട്ടിയില്ലെന്ന് പറഞ്ഞ് ബഹളം തുടങ്ങി. വഴക്കിനിടെ മാനേജറുടെ മുഖത്തേക്ക് ഇവർ തുപ്പി. രോഷത്തോടെ പുറത്തിറങ്ങി കാറിനടുത്തേക്ക് നടന്ന സ്ത്രീയെ റെസ്റ്റോറന്റിന്റെ മറ്റൊരു വാതിലിലൂടെ ഇറങ്ങിയ മാനേജർ പിന്തുടർന്നു. കാറിലെ ലൈസൻസ് പ്ലേറ്റ് നമ്പർ കുറിച്ചുവയ്ക്കാൻ വേണ്ടിയായിരുന്നു ഇത്.
ഇത് കണ്ട സ്ത്രീ മാനേജർക്ക് നേരെ ഓടിയെത്തി. തന്നെ ജയിലിലാക്കാൻ നോക്കുകയാണോ എന്ന് ചോദിച്ച് മാനേജറെ തള്ളിയിടാനും നോക്കി. തുടർന്ന് കാറിനുള്ളിൽ കയറിയ സ്ത്രീ റിവേഴ്സെടുത്ത് മാനേജറെ ഇടിച്ച് തെറിപ്പിച്ചു. മാനേജറുടെ കാലിന് പരിക്കേറ്റു.
സംഭവത്തിന് ശേഷം രക്ഷപ്പെട്ട പ്രതിയെ തൊട്ടടുത്ത പൊലീസ് പിടികൂടി. ജൂലായ് 30 വരെ റിമാൻഡിലാണ് സ്ത്രീ. യു.എസിൽ ഇത്തരം സംഭവങ്ങൾ ആദ്യമല്ല. നേരത്തെ, വിസ്കോൺസിനിൽ പിസാ ഡെലിവറി വൈകിയെന്ന പേരിൽ റെസ്റ്റോറന്റ് ജീവനക്കാരന് മർദ്ദനമേറ്റിരുന്നു.