ഷിരൂർ: കർണാടകയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുനെ കണ്ടെത്താനുള്ള തെരച്ചിൽ 12-ാം ദിവസവും പുരോഗമിക്കുകയാണ്. നദിയുടെ മദ്ധ്യഭാഗത്തുള്ള മൺകൂനയിലാണ് ട്രക്ക് ഉള്ളതെന്നാണ് നിഗമനം. എന്നാൽ, നദിയിലേക്ക് ഇറങ്ങിയുള്ള പരിശോധന നടത്താൻ നാവിക സേനയുടെ മുങ്ങൽ വിദഗ്ദ്ധർക്ക് സാധിക്കുന്നില്ല. അത്രയും ശക്തമായ അടിയൊഴുക്കാണ് പുഴയിലുള്ളത്.
കാലാവസ്ഥ അനുകൂലമായാൽ മാത്രമേ തെരച്ചിലിൽ പുരോഗതി ഉണ്ടാവുകയുള്ളു. നിലവിലെ കാലാവസ്ഥയിൽ എന്തെങ്കിലും ചെയ്യാൻ സാധിക്കുമോ എന്ന കാര്യത്തിൽ ചർച്ച നടക്കുകയാണ്. നാവികസേനയുടെ ബോട്ടുകൾ പോലും വെള്ളത്തിൽ ഉറപ്പിച്ച് നിർത്താൻ കഴിയാത്ത അവസ്ഥയാണ് പലപ്പോഴും. അതിനാൽ, ഫ്ലോട്ടിംഗ് പ്രതലങ്ങൾ ഒരുക്കാമെന്ന ആശയം ഇന്നലത്തെ യോഗത്തിൽ ചർച്ച ചെയ്‌തിരുന്നു. അതിനുള്ള സാദ്ധ്യത തേടുന്നുണ്ട്. എന്നാൽ, അത് പ്രാവർത്തികമാക്കാൻ കഴിയുമെന്ന് ഉറപ്പില്ല. നാവിക സേനാംഗങ്ങൾക്ക് നിൽക്കാനുള്ള പ്രതലം ഒരുക്കിയാലും താഴേക്ക് ഇറങ്ങാൻ കഴിയാത്ത അവസ്ഥയാണ്. കണ്ടെത്തിയ സ്ഥലത്ത് അവശിഷ്‌ടങ്ങൾ കൂടി കിടക്കുന്നതിനാൽ അവിടെ ഇറങ്ങുന്നവരും അപകടത്തിൽപ്പെട്ടേക്കാം. ഇറങ്ങിയാൽപ്പോലും ഒന്നും കാണാൻ കഴിയാത്ത സാഹചര്യം കൂടിയാണ് പുഴയിലുള്ളത്.
നദിയിൽ ഐബോർഡ് ഉപയോഗിച്ച് നടത്തിയ തെരച്ചിലിൽ നാലാമത് ഒരു സിഗ്നൽ കൂടി ഇന്നലെ ലഭിച്ചിരുന്നു. സ്വകാര്യ കമ്പനിയുടെ സാങ്കേതിക സംവിധാനം ഉപയോഗിച്ചുള്ള പരിശോധനയിലാണ് പുതിയ സിഗ്നൽ ലഭിച്ചത്. ഗംഗാവലി നദിയുടെ ഏറ്റവും മദ്ധ്യത്തിലായി രൂപപ്പെട്ടിരിക്കുന്ന മൺകൂനയിൽ നിന്ന് ലഭിച്ച ഈ സിഗ്നൽ തീർച്ചയായും ട്രക്കിന്റേത് തന്നെയാകാം എന്നാണ് സ്വകാര്യ കമ്പനി അറിയിക്കുന്നത്. ബോട്ടിൽ പ്രത്യേക ക്യാമറകൾ സജ്ജീകരിച്ചും ഡ്രോൺ പറത്തിയുമാണ് ഇന്നലെ പരിശോധനകൾ നടത്തിയത്.