മലപ്പുറം: വ്യാജ പുകപരിശോധനാ സർട്ടിഫിക്കറ്റ് നിർമിച്ച കേസിൽ രണ്ട് വാഹനങ്ങളുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് (ആർസി) സസ്‌പെൻഡ് ചെയ്ത് മോട്ടോർ വാഹന വകുപ്പ് (എംവിഡി). പെരിന്തൽമണ്ണയിലെ സുധീപ് എന്ന യുവാവിന്റെ കെ എൽ 53 എസ് 8180 എന്ന വാഹനത്തിന്റെയും ഹസൻ എന്ന യുവാവിന്റെ ഉടമസ്ഥതയിലുള്ള കെ എൽ 53 0090 എന്ന വാഹനത്തിന്റെയും ആർസിയാണ് മോട്ടോർ വാഹന വകുപ്പ് ആറ് മാസത്തേക്ക് സസ്‌പെൻഡ് ചെയ്തത്.
ഉത്തർപ്രദേശിൽ നിർമിച്ച വ്യാജ പുകപരിശോധനാ സർട്ടിഫിക്കറ്റായിരുന്നു എംവിഡിയുടെ പരിവാഹൻ സൈറ്റിൽ അപ്‌ലോഡ് ചെയ്തത്. ചില ഏജന്റുമാരുടെ സഹായത്തോടെ നിരവധി വാഹനങ്ങൾക്ക് അന്യസംസ്ഥാനങ്ങളിൽ നിന്ന് വ്യാജ പുകപരിശോധന സർട്ടിഫിക്കറ്റ് നിർമിച്ച് നൽകിയിട്ടുണ്ടെന്ന് എംവിഡിക്ക് വിവരം ലഭിച്ചിരുന്നു. സുധീപിന്റെയും ഹസന്റെയും വാഹനങ്ങൾ മോട്ടോർ വാഹന വകുപ്പ് കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വ്യാജ സർട്ടിഫിക്കറ്റ് നിർമ്മിച്ച കേസ് തുടരന്വേഷണത്തിനായി എംവിഡി പൊലീസിന് കൈമാറി.