sruthy

കാസർകോട്: മാട്രിമോണിയൽ സൈറ്റിലൂടെ യുവാവിൽ നിന്നും പണം തട്ടിയെടുത്ത കേസിൽ പ്രതിയായ യുവതിയെ അറസ്റ്റ് ചെയ്ത് പൊലീസ്. ചെമ്മനാട് സ്വദേശിയായ ശ്രുതി ചന്ദ്രശേഖരനാണ് (42) ഉഡുപ്പിയിലെ രഹസ്യകേന്ദ്രത്തിൽ നിന്നും പിടിയിലായത്. പൊയിനാച്ചി സ്വദേശിയായ യുവാവിൽ നിന്നും സ്വർണവും പണവും തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. മാട്രിമോണിയൽ സൈറ്റിലൂടെയാണ് യുവതി തട്ടിപ്പ് നടത്തിവന്നിരുന്നതെന്ന് പൊലീസ് അറിയിച്ചു. നിരവധി പൊലീസ് ഉദ്യോഗസ്ഥരും ശ്രുതി നടത്തിയ തട്ടിപ്പിൽ അകപ്പെട്ടിട്ടുണ്ടെന്നാണ് സൂചന.

ശ്രുതിക്കെതിരെ യുവാവ് ജൂൺ 21നാണ് പരാതി നൽകിയത്. ഇതോടെ ഒളിവിലായ യുവതിക്കായി പൊലീസ് ഊർജിത അന്വേഷണം നടത്തിവരികയായിരുന്നു. വെളളിയാഴ്ച ശ്രുതിക്ക് കാസർകോട് ജില്ലാ കോടതി മുൻകൂർ ജാമ്യം നിഷേധിച്ചിരുന്നു.ഇതോടെയാണ് തട്ടിപ്പുകാരിയായ യുവതിയെ പിടികൂടിയത്. ശ്രുതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കും.

സൈറ്റിൽ വരനെ ആവശ്യമുണ്ടെന്ന പോസ്റ്റ് ചെയ്ത ശേഷം ബന്ധപ്പെടുന്ന യുവാക്കളുമായി സൗഹൃദം സ്ഥാപിച്ചാണ് ശ്രുതി തട്ടിപ്പുകൾ തുടർന്നിരുന്നത്. പിന്നീട് യുവാക്കളിൽ നിന്ന് പണവും സ്വർണവും ആവശ്യപ്പെടും. യുവതിയുടെ പേരിൽ സമാനമായ നിരവധി കേസുകളുണ്ടെന്നും പൊലീസ് അറിയിച്ചു. ഇൻസ്റ്റഗ്രാമിലൂടെയാണ് ശ്രുതി പരാതിക്കാരനുമായി സൗഹൃദം സ്ഥാപിച്ചത്. ഐഎസ്ആർഒ ഉദ്യോഗസ്ഥയാണെന്ന് സ്വയം പരിചയപ്പെടുത്തുകയും ഇതിനായി ചില വ്യാജരേഖകൾ ഹാജരാക്കുകയും ചെയ്തു. പിന്നീട് യുവാവിൽ നിന്ന് ഒരു ലക്ഷം രൂപയും ഒരു പവന്റെ മാലയും തട്ടിയെടുക്കുകയായിരുന്നു.

മുൻപ് തനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ കേരള പൊലീസിലെ ഒരു എസ്ഐക്കെതിരെ മംഗളുരുവിൽ ശ്രുതി പരാതി നൽകിയിരുന്നു. ആശുപത്രിയിൽ വച്ച് തന്നെ പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. ഐഎസ്ആർഒ, ഇൻകംടാക്സ് ഉദ്യോഗസ്ഥ ചമഞ്ഞാണ് ഇവർ പലരേയും കബളിപ്പിച്ചിരുന്നത്.