army

ശ്രീനഗ‍ർ: ജമ്മുകാശ്മീരിൽ ഭീകരരുമായി ബന്ധമുളള പാകിസ്ഥാൻ സൈന്യവുമായി നടന്ന ഏറ്റുമുട്ടലിൽ ഒരു സൈനികന് വീരമൃത്യു. കുപ്‌വാര ജില്ലയിൽ ഇന്ന് പുലർച്ചെ രണ്ടരയോടെയായിരുന്നു സംഭവം. ഏ​റ്റുമുട്ടലിൽ മേജർ ഉൾപ്പടെയുളള അഞ്ച് സൈനികർക്ക് പരിക്കേ​റ്റിട്ടുണ്ട്. വടക്കൻ കാശ്മീരിൽ നിയന്ത്രണരേഖയ്ക്ക് സമീപം ത്രെഹ്ഗാം സെക്ടറിലെ കുംകാഡി പോസ്​റ്റിനടുത്തായാണ് ഏറ്റുമുട്ടൽ നടന്നതെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു. ഏറ്റുമുട്ടലിൽ ഒരു പാകിസ്ഥാൻ സൈനികനെ സൈന്യം വധിച്ചിട്ടുണ്ട്. പരിക്കേ​റ്റവർ ശ്രീനഗറിലെ സൈനിക ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവ സ്ഥലത്ത് ഏറ്റുമുട്ടൽ പുരോഗമിക്കുകയാണ്.

മേഖലയിൽ 40ഓളം ഭീകരരുടെ സാന്നിദ്ധ്യമുണ്ടെന്നാണ് വിവരം. കുപ്‌വാരയിൽ ഈ ആഴ്ച മാത്രം നടക്കുന്ന രണ്ടാമത്തെ ഏ​റ്റുമുട്ടലാണിത്. കഴിഞ്ഞ വ്യാഴാഴ്ചയും കുപ്‌വാരയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച രണ്ട് ഭീകരരെ സൈന്യം വധിച്ചിരുന്നു.കേരൻ സെക്ടറിലെ നിയന്ത്രണരേഖയ്ക്ക് സമീപമായിരുന്നു സംഭവം. ജദ്ദാൻ ബട്ട ഗ്രാമത്തിൽ സർക്കാർ സ്‌കൂളിൽ സൈനികർ സ്ഥാപിച്ച താത്കാലിക ക്യാമ്പിന് നേരെയും ഭീകരർ നടത്തിയ ആക്രമണത്തിൽ രണ്ട് സൈനികർക്ക് അന്ന് പരിക്കേറ്റിരുന്നു. കഴിഞ്ഞ ആഴ്ചകളായി ജമ്മു മേഖലയിൽ ഭീകരാക്രമണങ്ങൾ വർദ്ധിച്ചതിനെ തുടർന്ന് അതീവ ജാഗ്രതയിലാണ്.

അതേസമയം, ചതിയിലൂടെ അതിർത്തിയിൽ നുഴഞ്ഞു കയറിയ പാകിസ്ഥാന്റെ ഭീകരതയ്‌ക്കെതിരെ സത്യവും കരുത്തും നേടിയ വിജയമാണ് കാർഗിൽ ജയമെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിരുന്നു. കാർഗിലിൽ അടക്കം ഭീകരവാദം പരാജയപ്പെട്ടിട്ടും പാകിസ്ഥാൻ പഠിച്ചില്ല.കാർഗിൽ വിജയത്തിന്റെ 25-ാം വാർഷികത്തിൽ ദ്രാസിൽ ധീരസൈനികർക്ക് ആദരാഞ്ജലി അർപ്പിക്കുകയായിരുന്നു പ്രധാനമന്ത്രി.

'ഇന്ത്യയുടെ സമാധാന ശ്രമങ്ങൾക്കിടെയാണ് കാർഗിലിൽ പാകിസ്ഥാൻ വഞ്ചന കാട്ടിയത്. അസത്യവും ഭീകരതയും സത്യത്തിനു മുന്നിൽ മുട്ടുമടക്കി.ഭീകരവാദം ഏറ്റുപിടിച്ച പാകിസ്ഥാൻ പരാജയപ്പെട്ടു. എന്നിട്ടും പാഠം പഠിക്കാതെ ഭീകരവാദവും നിഴൽയുദ്ധങ്ങളും തുടരുകയാണ്. ഭീകരരുടെ ലക്ഷ്യങ്ങൾ നടക്കില്ല. നമ്മുടെ ധീരജവാന്മാർ അതിനെ ചവിട്ടിമെതിക്കും. രാജ്യത്തിനു വേണ്ടിയുള്ള ത്യാഗങ്ങൾ അനശ്വരമാണെന്ന് കാർഗിൽ വിജയദിനം ഓർമ്മിപ്പിക്കുന്നു. മാതൃരാജ്യത്തെ രക്ഷിക്കാൻ ജീവൻ സമർപ്പിച്ചവരെ കാലത്തിന് മായ്‌ക്കാനാകില്ല. ധീര പുത്രന്മാരെ അഭിവാദ്യം ചെയ്യുന്നു. കാർഗിൽ യുദ്ധകാലത്ത് സൈനികർക്കൊപ്പം താനുണ്ടായിരുന്നു. ഇത്രയും ഉയരത്തിൽ അവർ നടത്തിയ ഓപ്പറേഷൻ അത്ഭുതമാണ്'- പ്രധാനമന്ത്രി പറഞ്ഞു.