letter

ഡോക്ടർമാരുടെ പെൻഷൻ പ്രായം

സംസ്ഥാന ആരോഗ്യവകുപ്പിൽ അടുത്ത രണ്ടുവർഷം ഡോക്ടർമാർ കൂട്ടത്തോടെ വിരമിക്കുകയാണ്. സർക്കാർ മെഡിക്കൽ കോളേജുകൾ മാത്രമുണ്ടായിരുന്ന കാലത്ത് ഏറ്റവും മിടുക്കന്മാ‌ർ മാത്രം അഡ്മിഷൻ നേടിയ 1995- 2000 കാലയളവിൽ ആരോഗ്യവകുപ്പിൽ ജോലിയിൽ പ്രവേശിച്ച ഡോക്ടർമാരാണ് വിരമിക്കുന്നത്. കേന്ദ്ര സർക്കാരിൽ ഡോക്ടർമാർ 65 വയസിലും,​ കേരളത്തിൽത്തന്നെ ആരോഗ്യവകുപ്പിലെ സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ അതേ യോഗ്യതയുള്ള മെഡിക്കൽ കോളേജിൽ 62 വയസിലും പെൻഷൻ പ്രായമുള്ളപ്പോഴാണ് ആരോഗ്യവകുപ്പിൽ 60 വയസിൽ പെൻഷൻ നൽകി ഡോക്ടർമാരെ പിരിച്ചയക്കുന്നത്.

ഈ ഡോക്ടർമാർ സ്വകാര്യ ആശുപത്രികളിൽ ഇപ്പോൾ ലഭിക്കുന്നതിനേക്കാൾ ശമ്പളത്തിൽ പത്തു വർഷത്തോളം സേവനമനുഷ്ഠിക്കുമെന്നതിനാൽ പെൻഷൻപ്രായം കൂട്ടുന്നതിനെ ഡോക്ടർമാരുടെ സംഘടന എതിർക്കുന്നത് സ്വാഭാവികമാണ്. പരിചയ സമ്പന്നരായ ഡോക്ടർമാറെ കുറച്ചുനാൾ കൂടി സർവീസിൽ നിറുത്തിയാൽ അതിന്റെ ഗുണം ലഭിക്കുന്നത് സർക്കാരിനും പാവപ്പെട്ടവരായ ജനങ്ങൾക്കുമാണ്. അതിനാൽ തന്നെ സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ പെൻഷൻ പ്രായം ഉയർത്തേണ്ടതാണ്.

കല്ലട വേണു

കൊല്ലം

ഇത്തവണത്തെ കേന്ദ്ര ബഡ്ജറ്റ് സാധാരണ ജനങ്ങളെ സംബന്ധിച്ച് വല്ലാത്ത നിരാശയുണ്ടാക്കുന്നതാണ്. രാജ്യം നേരിടുന്ന പ്രധാന പ്രശ്നങ്ങളായ തൊഴിലില്ലായ്മയും രൂക്ഷമായ വിലക്കയറ്റവും പോലുള്ള പ്രശ്നങ്ങൾക്കൊന്നിനും ഈ ബഡ്ജറ്റ് ഒരു പരിഹാരവും കാണുന്നില്ല! സർക്കാരിനെ താങ്ങിനിറുത്തുന്ന സഖ്യകക്ഷികളുടെ താത്പര്യം സംരക്ഷിക്കാനായി ബീഹാർ,​ ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങൾക്ക് അവർ ആവശ്യപ്പെട്ടതെല്ലാം വാരിക്കോരി കൊടുക്കാൻ മറന്നതുമില്ല. കേരളം അടക്കമുള്ള സംസ്ഥാനങ്ങൾ ആവശ്യപ്പെട്ട പാക്കേജുകൾക്കും ധനസഹായ പദ്ധതികൾക്കും ഒരു വിധത്തിലുള്ള പരിഗണനയും ലഭിച്ചില്ല. കേരളത്തിൽ നടപ്പാകുമെന്ന് പ്രധാനമന്ത്രി തന്നെ പറഞ്ഞ എയിംസിനെ തിരിഞ്ഞുപോലും നോക്കിയിട്ടില്ല. രാഷ്ട്രീയ താത്പര്യങ്ങൾ മാത്രം പരിഗണിച്ച ബഡ്ജറ്റായി അത് മാറിപ്പോയി.

സോമശേഖരൻ നായർ

കുളനട