sports

പാരിസ്: ഒളിമ്പിക്‌സിൽ ഒന്നാം ദിവസം ഇന്ത്യയ്‌ക്ക് നിരാശ. ഷൂട്ടിംഗ് 10 മീറ്റർ എയർറൈഫിൾ മിക്‌സഡ് ഇനത്തിൽ ഇന്ത്യയ്‌ക്ക് ഫൈനൽ റൗണ്ടിലേക്ക് കടക്കാനായില്ല. ഇന്ത്യയ്‌ക്കായി സന്ദീപ് സിംഗ് - എളവേണിയിൽ വളറിവാൻ, അർജുൻ ബാബുട്ട - രമിത ജിൻഡാൽ സഖ്യങ്ങളാണ് മത്സരിച്ചത്. ഇരു ടീമുകൾക്കും യോഗ്യത റൗണ്ടിൽ നിന്ന് മുന്നേറാനായില്ല.

സന്ദീപ് സിംഗ് - എളവേണിയിൽ വളറിവാൻ സഖ്യം 12-ാം സ്ഥാനത്തും അർജുൻ ബാബുട്ട - രമിത ജിൻഡാൽ സഖ്യം ആറാം സ്ഥാനത്തുമെത്തി. ആദ്യ നാലിലെത്തുന്നവരാണ് ഫൈനൽ റൗണ്ടിലേക്ക് മുന്നേറുക. അർജുൻ ബാബുട്ട - രമിത ജിൻഡാൽ സഖ്യം 628.7 പോയന്റും സന്ദീപ് സിംഗ് - എളവേണിൽ വളറിവാൻ സഖ്യം 626.3 പോയന്റും നേടി.

റോവിംഗ് പുരുഷ സിംഗിള്‍സ് സ്‌കള്‍സ് ഹീറ്റ്‌സില്‍ ഇന്ത്യയുടെ ബല്‍രാജ് പന്‍വാര്‍ നാലാമതെത്തി. അതോടെ താരം റെപ്പാഷെ റൗണ്ടിലേക്ക് മുന്നേറി. ഹീറ്റ്‌സില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തുന്നവരാണ് ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറുന്നത്. പത്ത് മീറ്റർ എയർപിസ്റ്റൾ പുരുഷവിഭാഗത്തിൽ സരബ്‌ജോത് സിംഗ്, അർജുൻ ചീമ എന്നിവരും വനിതാവിഭാഗത്തിൽ മനു ഭേക്കർ, റിഥം സാങ്‌വാൻ എന്നിവരും യോഗ്യതാറൗണ്ടിൽ മത്സരിക്കുന്നുണ്ട്. ഇന്ത്യ ഏറെ പ്രതീക്ഷവെക്കുന്ന വിഭാഗമാണിത്.

മ്യൂണിക് ലോകകപ്പിൽ സ്വർണവും 2023ലെ ഏഷ്യൻ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ വെങ്കലും നേടിയ താരമാണ് സരബ്‌ജോത്. അർജുൻ ഹാങ്ഷു ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ ടീമിൽ അംഗമാണ്. മുൻ ലോക ഒന്നാംനമ്പർ താരമായ മനു ഭേക്കർ പ്രതിസന്ധികളെ മറികടന്ന് തിരിച്ചുവരവാണ് മോഹിക്കുന്നത്. നിലവിൽ ലോക മൂന്നാംനമ്പറായ റിഥം സാങ്‌വാൻ 2022 ലോകചാമ്പ്യൻഷിപ്പിൽ വെള്ളിനേടിയിട്ടുണ്ട്.