കോലഞ്ചേരി: വ്യാജ ഓൺലൈൻ ഓഹരി ആപ്പ് വഴി ഷെയർ ട്രേഡിംഗ് നടത്തിയ കോലഞ്ചേരി സ്വദേശിനിക്ക് 39,70000 രൂപ നഷ്ടമായി. ഓഹരി ഷെയർ ട്രേഡിംഗ് നടത്തുന്ന ഐ.ഐ.എഫ്.എൽ ആപ്പിന്റെ സമാന മാതൃക സൃഷ്ടിച്ചായിരുന്നു തട്ടിപ്പ്. ഷെയർ ട്രേഡിംഗിനെക്കുറിച്ച് ഗൂഗിളിൽ സെർച്ച് ചെയ്തതാണ് യുവതിക്ക് വിനയായത്.
ഷെയർ ട്രേഡിംഗിനെ കുറിച്ച് കേട്ടു കേൾവി മാത്രമുള്ള ഇവർ വിശദാംശങ്ങൾ അറിയാൻ ഗൂഗിളിൽ സെർച്ച് ചെയ്യുകയായിരുന്നു. ഷെയർ ട്രേഡിംഗിന്റെ യഥാർത്ഥ ആപ്പിന്റെ അതേ പേരിൽ കണ്ട സൈറ്റിൽ സെർച്ച് ചെയ്തതോടെയാണ് തട്ടിപ്പുകാരുടെ വലയിൽ കുടുങ്ങി. സെർച്ച് ചെയ്ത് രണ്ട് ദിവസത്തിനുള്ളിൽ ഇവരുടെ മൊബൈലിൽ വിളിച്ച് ഷെയർ ട്രേഡിംഗ് തുടങ്ങാനുള്ള താത്പര്യത്തെ കുറിച്ച് ആരാഞ്ഞു. പിന്നീട് നിരന്തരമായി ട്രേഡിംഗ് ആപ്പിന്റെ കോൾ സെന്ററിലെന്ന വ്യാജേന വിളിച്ച് ലാഭക്കണക്ക് പെരുപ്പിച്ച് പറഞ്ഞ് തുക നിക്ഷേപിക്കാൻ പ്രേരിപ്പിച്ചു.
ചെറിയ തുക മുടക്കിയാൽ ലഭിക്കുന്ന വലിയ ലാഭം പറഞ്ഞ് 25000 രൂപ മുടക്കാൻ സംഘം ആവശ്യപ്പെട്ടു. ഇതിനായി ആപ്പിന്റെ മൊബൈൽ ലിങ്കും അയച്ച് നൽകി. ലിങ്കിൽ നിന്ന് ആപ്പ് ഡൗൺലോഡ് ചെയ്ത് 25000 നിക്ഷേപിച്ച് ട്രേഡിംഗ് തുടങ്ങി. ആദ്യ ഘട്ടത്തിൽ പ്രതിദിനം മുടക്കിയ പണത്തിന്റെ പതിന്മടങ്ങ് ലാഭം ലഭിച്ചു. ഇതോടെ വീണ്ടും നിക്ഷേപത്തുക കൂട്ടി. ഒന്നര മാസത്തിനിടെയാണ് 39,70000 രൂപ നിക്ഷേപിച്ചു.
തുകയുടെ ലാഭം കിട്ടാതായതോടെ ഇവരെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ലഭിച്ചില്ല. തുടർന്ന് എറണാകുളത്തുള്ള യഥാർത്ഥ ട്രേഡിംഗ് ഓഫീസിൽ എത്തിയപ്പോഴാണ് കബളിപ്പിക്കപ്പെട്ട കാര്യം അറിയുന്നത്.
പുത്തൻകുരിശ് പൊലീസിൽ നൽകിയ പരാതിയിൽ റൂറൽ എസ്.പി വൈഭവ് സക്സേനയുടെ മേൽനോട്ടത്തിൽ പുത്തൻകുരിശ് ഡിവൈ.എസ്.പി വി.ടി. ഷാജൻ, ഇൻസ്പെക്ടർ കെ.പി. ജയപ്രസാദ് എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം തുടങ്ങി.