uttarakhand

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ തെഹ്രി ഗർവാൾ പ്രദേശത്ത് മേഘവിസ്‌ഫോടനം. ബാൽ ഗംഗ, ധരം ഗംഗ നദികൾ കരകവിഞ്ഞൊഴുകുകയും പ്രദേശത്തെ വീടുകളിലേക്ക് വെള്ളം കയറുകയും ചെയ്തു. കൂടാതെ വയലുകൾ വെള്ളത്തിനടിയിലായി. ഗംഗോത്രിയിൽ നിരവധി ആശ്രമങ്ങളിൽ വെള്ളം കയറിയതായും റിപ്പോർട്ടുകളുണ്ട്. സന്ന്യാസിമാരുടെ കുടിലുകൾ ഒഴുകിപ്പോയെന്നാണ് വിവരം.

റോഡുകളും പാലങ്ങളും തകരുകയും. സംസ്ഥാനത്തെ പല പ്രദേശങ്ങളിലേക്കുമുള്ള റോഡ് ഗതാഗതം പൂർണമായി സ്‌തംഭിക്കുകയും ചെയ്‌തു. 'ഇന്നലെ അർദ്ധരാത്രിയോടെ ജഖാന, ടോളി, ഗെൻവാലി തുടങ്ങിയ പ്രദേശങ്ങളിൽ കനത്ത മഴ പെയ്തിരുന്നു. ഇതിനുപിന്നാലെ ബാൽ ഗംഗയിൽ വെള്ളപ്പൊക്കമുണ്ടായി. റോഡരികിലെ വയലുകളും വീടുകളും വെള്ളത്തിനടിയിലായി' ജില്ലാ മജിസ്‌ട്രേറ്റ് മയൂർ ദീക്ഷിത് പറഞ്ഞു.

വെള്ളപ്പൊക്കത്തിൽ ഗ്രാമങ്ങളിലെ ചില കടകൾക്കും കേടുപാടുകൾ സംഭവിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. നദീതീരത്തോട് ചേർന്നുള്ള വീടുകളിൽ താമസിക്കുന്നവർ പെട്ടെന്ന് സുരക്ഷിത സ്ഥാനങ്ങളലേക്ക് മാറിയതിനാൽ ആളപായമുണ്ടായില്ല.


വെള്ളപ്പൊക്ക ബാധിത പ്രദേശത്തേക്ക് അധികൃതർ എത്തിയിട്ടുണ്ടെന്നും നാശനഷ്ടങ്ങളുടെ വ്യാപ്തി കണക്കാക്കുന്നുണ്ടെന്നും ദീക്ഷിത് പറഞ്ഞു. പ്രദേശത്ത് താമസിക്കുന്നവരോട് നദിയിലിറങ്ങരുതെന്ന് ഭരണകൂടം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

VIDEO | #Uttarakhand: Cloudburst in Tehri Garhwal area triggered a flash flood-like situation in the area. The Bal Ganga and Dharam Ganga rivers flowing through this area are in spate. Road connectivity to dozens of villages in the upper regions has been completely cut off.… pic.twitter.com/lg0NSELT2w

— Press Trust of India (@PTI_News) July 27, 2024

അതേസമയം, ഹരിദ്വാറിലും ഋഷികേശിലും ഗംഗാ നദിയിലെ ജലനിരപ്പ് അപകടനിലയ്ക്ക് അടുത്തെത്തി. വെള്ളിയാഴ്ച വരെ, ഋഷികേശിലെ ത്രിവേണി ഘട്ടിലെ ഗംഗയുടെ ജലനിരപ്പ് 339.62 മീറ്ററായിരുന്നു. ഇത് അപകടസൂചനയിൽ നിന്ന് 88 മീറ്റർ താഴെയാണ്.