utkand

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ മേഘവിസ്‌ഫോടനത്തെ തുടർന്ന് നദികൾ കരകവിഞ്ഞൊഴുകി. ഗംഗയിൽ ഉൾപ്പെടെ വെള്ളം പൊങ്ങിയതോടെ കനത്ത ജാഗ്രതയിലാണ് സംസ്ഥാനം. 100 കലോമീറ്ററിലേറെ തീരത്ത് വെള്ളപ്പൊക്കമുണ്ടായാതായാണു വിവരം. തെഹ്‌രി ഗഡ്‌വാൾ പ്രദേശത്ത് മേഘവിസ്‌ഫോടനത്തിൽ വീടുകളുൾപ്പെടെ തകർന്നു. അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് സ്ത്രീയുടെയും 15 വയസുള്ള മകളുടെയും മൃതദേഹങ്ങൾ പുറത്തെടുത്തു. വീടുകളിലും കൃഷി സ്ഥലങ്ങളിലും വെള്ളം കയറി. റോഡുകളും പാലങ്ങളും തകർന്നു.

ഗംഗോത്രിയിൽ ഒട്ടേറെ ആശ്രമങ്ങളിൽ വെള്ളം കയറി. സന്യാസിമാരുടെ കുടിലുകൾ ഒഴുകിപ്പോയി. തീരങ്ങളിൽനിന്ന് ആളുകളെ ഒഴിപ്പിച്ചു. റോഡ് ഗതാഗതം തടസപ്പെട്ടു. കനത്ത നാശനഷ്ടം സംഭവിച്ചതായി അധികൃതർ അറിയിച്ചു.  ഹരിദ്വാറിലും ഋഷികേശിലും ഗംഗാനദി അപകടകരമായ നിലയിലാണ് ഒഴുകുന്നത്. ഡെറാഡൂൺ, പിത്തോഗഡ്, ബാഗേശ്വർ എന്നിവിടങ്ങളിൽ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു.
രുദ്രപ്രയാഗ് ജില്ലയിലെ മദ്മഹേശ്വർ ക്ഷേത്രത്തിലേക്കുള്ള പാലം ഒലിച്ചുപോയതിനെത്തുടർന്ന് കുടുങ്ങിയ 106 പേരെ എസ്.ഡി.ആർ.എഫ് രക്ഷപ്പെടുത്തി. വിവിധയിടങ്ങളിൽ രക്ഷാപ്രവർത്തകരെ നിയോഗിച്ചിട്ടുണ്ടെന്നും നടപടികൾ തുടരുകയാണെന്നും അധികൃതർ അറിയിച്ചു. ജഖാന, ടോളി, ഗെൻവാലി മേഖലകളിൽ അർദ്ധരാത്രി മുതൽ കനത്ത മഴയാണ്. ബാൽ ഗംഗയിൽ പെട്ടെന്നുണ്ടായ വെള്ളപ്പൊക്കം വയലുകളും വീടുകളും വെള്ളത്തിനടിയിലാക്കിയെന്നും ജില്ലാ കളക്ടർ മയൂർ ദീക്ഷിത് അറിയിച്ചു. നദിയോട് ചേർന്നുള്ള മേഖലയിൽ താമസിച്ചിരുന്നവരെ സുരക്ഷിത മേഖലയിലേക്ക് മാറ്റി പാർപ്പിച്ചതായും ആളാപയം റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. ദുരന്ത ബാധിത പ്രദേശങ്ങളിലേക്ക് പോലീസ് സംഘത്തെ അയച്ചിട്ടുണ്ട്. നദിക്കരയിൽനിന്ന് മാറി ജാഗ്രത പാലിക്കണമെന്ന് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഉത്തരാഖണ്ഡിലെ വിവിധ മേഖലകളിൽ ശക്തമായ മഴയാണ്. ഡെറാഡൂൺ, ബഗേശ്വർ സംസ്ഥാനങ്ങളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഉത്തരകാശി, ചമോലി, രുദ്രപ്രയാഗ്, പൗരി, നൈനിറ്റാൽ, പിത്തോഗഡ് ജില്ലകളിൽ യെല്ലോ അലർട്ടാണ്.

പലയിടത്തും മഴ തുടരും

പല സംസ്ഥാനങ്ങളിലും കനത്ത മഴ തുടരുകയാണ്. ഡൽഹി,​ മുംബയ്,​ പൂനെ തുടങ്ങിയ പ്രധാനനഗരങ്ങളെല്ലാം വെള്ളത്തിനടിയിലാണ്. മഹാരാഷ്ട്ര,​ ഗുജറാത്ത്,​ രാജസ്ഥാൻ,​ ഉത്തരാഖണ്ഡ്,​ ഹിമാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ കുറച്ചു ദിവസംകൂടി മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. നവി മുംബയിൽ കെട്ടിടം തകർന്ന് മൂന്ന് പേർ മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു.