പാരീസ്: പാരീസ് ഒളിമ്പിക്സിലെ ആദ്യ സ്വർണമെഡലിന് അവകാശികളായി ചൈന. ഇന്നലെ 10 മീറ്റർ എയർ റൈഫിൾ മിക്സഡ് ഡബിൾസിൽ യൂടിംഗ് ഹുവാംഗും ലിഹാവോ ഷെംഗും ചേർന്നാണ് ചൈനയ്ക്ക് വേണ്ടി പാരീസിലെ ആദ്യ സ്വർണം വെടിവെച്ചിട്ടത്. ഫൈനലിൽ ദക്ഷിണ കൊറിയയുടെ കിയുംഗ് ജിഹ് യിവോൺ - പാർക് ഹ ജുൻ സഖ്യത്തെയാണ് ചൈനീസ് താരങ്ങൾ തോൽപ്പിച്ചത്. 16-12 എന്ന സ്കോറിനായിരുന്നു ചൈനീസ് താരങ്ങളുടെ വിജയം.
17കാരിയൂടിംഗ് മ്യൂണിക്കിൽ കഴിഞ്ഞ ജൂണിൽ നടന്ന ലോകകപ്പിൽ ക്വാളിഫിക്കേഷൻ റൗണ്ടിൽ ലോക റെക്കാഡ് കുറിച്ച താരമാണ്. കഴിഞ്ഞ വർഷം
ബാകുവിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിലും മിക്സഡ് മിക്സഡ് ഡബിൾസിൽ സ്വർണം നേടിയിരുന്നു. 19കാരനാണ് യൂടിംഗിന്റെ മെഡൽ പങ്കാളി ലിഹാവോ. യൂടിംഗ് 10 മീറ്റർ എയർ റൈഫിൾ ടീമിനത്തിലും ലിഹാവോ പുരുഷ ടീമിനത്തിലുംകൂടി മത്സരിക്കുന്നുണ്ട്.
കസഖ്സ്ഥാന്റെ അലക്സാണ്ട്ര ലീ- ഇസ്‌ലാം സത്പയേവ് സഖ്യത്തിനാണ് വെങ്കലം. വെങ്കല മെഡലിനായുള്ള മത്സരത്തിൽ ജർമ്മനിയുടെ മാക്സ്മിലൻ ഉൾബ്രിച്ച്- അന്ന യാൻസൻ സഖ്യത്തെ 17-5നാണ് കസഖ്സ്ഥാൻ താരങ്ങൾ തോൽപ്പിച്ചത്.