injection

രണ്ട് ഇഞ്ചക്ഷൻ കൊണ്ട് മാത്രം മഹാമാരിയായ എയിഡ്‌സിനെ പ്രതിരോധിക്കാമെന്ന് കണ്ടെത്തൽ നടത്തിയിരിക്കുകയാണ് ഒരു സംഘം ശാസ്ത്രജ്ഞർ. സൗത്ത് ആഫ്രിക്ക, ഉഗാണ്ട എന്നിവിടങ്ങളിൽ നടന്ന പഠനത്തിന്റെ റിപ്പോർട്ട് ഇക്കഴിഞ്ഞ 24നാണ് പ്രസിദ്ധീകരിക്കപ്പെട്ടത്. വർഷത്തിൽ രണ്ടു തവണ ഇഞ്ചക്ഷൻ എടുത്തു കഴിഞ്ഞാൽ 100 ശതമാനവും എയിഡ്‌സിനെ തുരത്താമെന്നാണ് കണ്ടെത്തൽ.

രണ്ട് ഗ്രൂപ്പുകളായി തിരിച്ച് 5000 സ്ത്രീകളിലാണ് പരീക്ഷണം നടന്നത്. ആദ്യത്തെ ഗ്രൂപ്പിന് ദിവസവും പ്രതിരോധ കുത്തിവയ‌്പ്പ് നൽകി. തുടർന്ന് എയിഡ്‌സ് ബാധിതരുമായി സമ്പ‌ർക്കത്തിലേർപ്പെടുത്തി. രണ്ട് ശതമാനം പേർക്ക് മാത്രമാണ് രോഗം പിടിപെട്ടത്. മരുന്ന് നൽകുന്ന പ്രതിരോധത്തിന്റെ വ്യാപ്‌തി അത്ഭുതപ്പെടുത്തിയെന്നാണ് ഡ‌ർബനിലെ എയിഡ്‌സ് റിസർച്ച് സെന്റർ ഡയറക്‌ടറായ സലിം അബ്‌ദുൾ കരിം അഭിപ്രായപ്പെട്ടത്.

യുഎസ് മരുന്ന് നിർമ്മാതാക്കളായ ഗിലേഡ് ആണ് പ്രതിരോധ മരുന്ന് ഉണ്ടാക്കിയത്. അമേരിക്ക, കാനഡ, യൂറോപ്പ് എന്നിവിടങ്ങളിലെ അംഗീകാരവും ലഭിച്ചിരുന്നു. എയിഡ്‌സിന് മാത്രമുള്ള പ്രതിരോധ മരുന്നാണിതെന്നും, പുരുഷന്മാരിൽ പരീക്ഷണം നടത്താനുള്ല അനുമതിക്കായി തങ്ങൾ കാത്തിരിക്കുകയാണെന്നും കമ്പനി അധികൃതർ പ്രതികരിച്ചു. നിലവിലെ ഗവേഷണ റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത് ദി ന്യൂ ഇംഗ്ളണ്ട് ജേണൽ ഒഫ് മെഡിസിനിലാണ്.

പ്രതിരോധ കുത്തിവയ‌്പ്പിനുള്ള മരുന്നിന് വില എത്രയാകുമെന്നാണ് ശാസ്ത്രലോകം ഇപ്പോൾ ഉറ്റുനോക്കുന്നത്. വില സംബന്ധിച്ച് ഗിലേഡ് ഇതുവരെ പ്രതികരണമൊന്നും നടത്തിയിട്ടുമില്ല.