kseb

കുറഞ്ഞ വിലയ്ക്ക് 465 മെഗാവാട്ട് വൈദുതി വാങ്ങുന്നതുമായി ബന്ധപ്പെട്ടുള്ള സംസ്ഥാന വൈദ്യുതി ബോർഡിന്റെ നാല് ദീർഘകാല കരാറുകൾ പുനസ്ഥാപിക്കാനാകില്ലെന്ന് കേന്ദ്ര വൈദ്യുതി അപ്പലേറ്റ് ട്രൈബ്യൂണൽ ഉത്തരവിറക്കിയതോടെ വൈദ്യുതി നിരക്കിൽ ഉപഭോക്താക്കൾക്കു മേൽ ദുർവഹമായ ഭാരം ചുമത്തപ്പെടുന്ന 'ഡബിൾ ഷോക്ക് സീസൺ" ആണ് വരാനിരിക്കുന്നത്. ജിൻഡാൽ,​ ജാബുവ കമ്പനികളുടെ താപനിലയങ്ങളിൽ നിന്ന് യൂണിറ്റിന് കേവലം 4.29 രൂപയ്ക്ക് 25 വർഷത്തേക്ക് 465 മെഗാവാട്ട് വൈദ്യുതി കിട്ടാനുള്ള കരാറുകളാണ് ഒറ്റയടിക്ക് കേരളത്തിനു നഷ്ടമായത്.

കരാർ ഉണ്ടാക്കിയപ്പോഴത്തെ സാങ്കേതിക നടപടിക്രമങ്ങളിലെ വീഴ്ചകളും,​ ബന്ധപ്പെട്ട ഏജൻസികൾ പിന്നീട് ഇത് ചൂണ്ടിക്കാണിച്ചപ്പോൾ ഗൗരവപൂർവം പരിഗണിച്ച് പരിഹാരം കാണുന്നതിലുണ്ടായ അലംഭാവവും മാത്രമല്ല,​ അതിനൊക്കെ ശേഷം സംസ്ഥാന റഗുലേറ്ററി കമ്മിഷൻ അത് റദ്ദാക്കുമെന്ന ഘട്ടം വന്നപ്പോൾപ്പോലും ഇടപെടാതിരുന്ന സർക്കാരിന്റെയും കെ.എസ്.ഇ.ബിയുടെയും കുറ്റകരമായ ഉദാസീനതയും എല്ലാം ചേർന്നാണ് ഇപ്പോൾ ആ വൈദ്യുതി കരാറുകൾ റദ്ദാക്കപ്പെടാനുള്ള സാഹചര്യം സൃഷ്ടിച്ചത്. കുറഞ്ഞ നിരക്കിൽ പതിനെട്ടു വർഷത്തേക്കു കൂടി കിട്ടേണ്ടിയിരുന്നതാണ് ഈ വൈദ്യുതി!

ദീർഘകാല കരാർ റദ്ദാകുമെന്ന് ഉറപ്പുണ്ടായിട്ടും പകരം വൈദ്യുതി കരാറുകളുണ്ടാക്കാനും കെ.എസ്.ഇ.ബി നടപടിയെടുത്തില്ല. ഇതും കെടുകാര്യസ്ഥത തന്നെ. നാല് കരാറുകൾ റദ്ദാകുന്നതോടെ അടുത്ത വർഷം ഫെബ്രുവരി മുതൽ ജൂൺ വരെയുള്ള വേനൽക്കാലത്തെ വർദ്ധിച്ച വൈദ്യുതി കമ്മി നേരിടാൻ സംസ്ഥാനം പുറത്തുനിന്ന് വൻവിലയ്ക്ക് വൈദ്യുതി വാങ്ങേണ്ടിവരും. കഴിഞ്ഞ വർഷം അവസാനം ദീർഘകാല കരാറിനായി ടെണ്ടർ വിളിച്ചപ്പോൾ ഏറ്റവും കുറഞ്ഞ നിരക്ക് 7.90 രൂപയായിരുന്നു. അതിൽ നിന്നു തന്നെ,​ വൈദ്യുതി വിലയിലുണ്ടായ മാറ്റം പ്രകടമാണ്.

വൈദ്യുതി അപ്പലേറ്റ് ട്രൈബ്യൂണലിന്റെ വിധി,​ സ്മാർട്ട് മീറ്റർ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കേന്ദ്ര നിർദ്ദേശങ്ങളെ രാഷ്ട്രീയ താത്പര്യം മുൻനിറുത്തി എതിർക്കുന്ന സർക്കാരിന് പാഠമാകേണ്ടതാണ്. സംഘടനാ രാഷ്ട്രീയത്തിന് അടിമകളാകാതെ കാര്യങ്ങൾ പഠിച്ച് തീരുമാനമെടുക്കാൻ എൻജിനിയർമാർക്കു കഴിയണം. വൈദ്യുതി മേഖലയിൽ അപ്പലേറ്റ് ട്രൈബ്യൂണലിന്റെ വിധി ഹൈക്കോടതി വിധി പോലെ തന്നെയാണ്. അതിനപ്പുറം പറയേണ്ടത് സുപ്രീം കോടതി മാത്രം!

180 പേജുള്ള ഈ വിധിയിൽ എല്ലാ സാദ്ധ്യതകളും വിശദമായി ഉദാഹരണ സഹിതം വിലയിരുത്തിയിട്ടുണ്ട്. അതനുസരിച്ച്,​ സർക്കാരിന്റെ പോളിസി നിർദ്ദേശങ്ങൾ റഗുലേറ്ററി കമ്മിഷനുകൾക്ക് ബാധകമല്ല. സർക്കാരിന്റെ നയ നിർദ്ദേശങ്ങൾ വൈദ്യുതി നിയമത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾക്ക് അനുസരിച്ചാണെങ്കിൽ മാത്രമേ ആ നിർദ്ദേശങ്ങൾ പരിഗണിക്കാൻ കമ്മിഷന് ബാദ്ധ്യതയുള്ളൂ. വൈദ്യുതി നിയമപ്രകാരവും കേന്ദ്ര സർക്കാർ പുറപ്പെടുവിച്ചിട്ടുള്ള മാനദണ്ഡങ്ങൾ പ്രകാരവും സ്വന്തം ജോലി ചെയ്ത കമ്മിഷന്,​ സ്വന്തം ഉത്തരവിന്റെ അന്ത:സത്തയ്ക്ക് പരിമിധികൾ നിശ്ചയിക്കുന്ന സംസ്ഥാന സർക്കാരിന്റെ നിദ്ദേശം പരിഗണിക്കേണ്ട കാര്യമില്ലെന്നും വിധിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

വൈദ്യുതി നിയമത്തിലെ വകുപ്പുകൾക്കും കേന്ദ്ര സർക്കാർ പുറപ്പെടുവിച്ചിട്ടുള്ള മാനദണ്ഡങ്ങൾക്കും കേരള സർക്കാരിന്റെ നയനിർദ്ദേശത്തേകൾ പ്രാധാന്യമുണ്ട്. സെക്ഷൻ 108 പ്രകാരമുള്ള നിർദ്ദേശം അനുസരിക്കാൻ വേണ്ടി അവയെ ലംഘിക്കാനാവില്ല. സ്വന്തം ഉത്തരവിനെ തിരുത്താൻ മതിയായ കാരണങ്ങൾ നിയമം പറയുന്നുണ്ട്. അവ ശരിയായി പാലിക്കാതെ വൈദ്യുതി റഗുലേറ്ററി കമ്മിഷനോ മറ്റേതെങ്കിലും ക്വാസി ജുഡിഷ്യൽ ഫോറങ്ങൾക്കോ കോടതികൾക്കോ സ്വന്തം ഉത്തരവ് തിരുത്താൻ അധികാരമില്ല. രാജ്യത്തെ നിയമങ്ങളും ജോലിക്കായി പുറപ്പെടുവിച്ചിട്ടുള്ള മാനദണ്ഡങ്ങളും അനുസരിക്കുന്നതാണ് പൊതുജന താത്പര്യമെന്നതും വിധിയിൽ വ്യക്തമായി പറ‍ഞ്ഞിരിക്കുന്നു.

കേരളത്തിന്റെ

പ്രതിസന്ധി

465 മെഗാവാട്ട് വൈദ്യുതി ലഭ്യത ഒറ്റയടിക്ക് ഇല്ലാതാകുന്നതോടെ കേരളത്തിന് അടുത്തവർഷം ആദ്യം ആറുമാസത്തേക്ക് വൻ വൈദ്യുതി കമ്മി നേരിടേണ്ടിവരും. ജൂൺ മുതൽ ഡിസംബർ വരെയുള്ള കാലത്ത് 3400 മുതൽ 3885 മെഗാവാട്ട് വരെയാണ് വൈദ്യുതി ഉപഭോഗമെങ്കിൽ,​ ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ അത് 5024 മുതൽ 5646 മെഗാവാട്ട് വരെ വർദ്ധിക്കും. ഇത് മറികടക്കാനായി സംസ്ഥാനം കണ്ടെത്തുന്ന അധിക വൈദ്യുതിയിലാണ് 465 മെഗാവട്ടിന്റെ കുറവുണ്ടാകുന്നത്. ഈ കുറവ് നേരിടാൻ എന്തു വിലകൊടുത്തും വൈദ്യുതി വാങ്ങാൻ സംസ്ഥാനം നിർബന്ധിതമാകും. വൻ സാമ്പത്തിക ബാദ്ധ്യതയായിരിക്കും അതിന്റെ ഫലം.

ആ ഭാരം മുഴുവൻ ചുമക്കേണ്ടിവരിക സംസ്ഥാനത്തെ വൈദ്യുതി ഉപഭോക്താക്കളായിരിക്കും. നിലവിലെ സാഹചര്യത്തിൽ ലോഡ് ഷെഡിംഗ്, പവർ കട്ട് എന്നിവ നടപ്പാക്കുന്നത് സംസ്ഥാന സർക്കാരിന് ആലോചിക്കാനാവില്ല. വൻനിരക്കിൽ വൈദ്യുതി വാങ്ങേണ്ടിവരുന്നതിന്റെ ഫലമായുള്ള നിരക്ക് വർദ്ധനയും സംസ്ഥാനത്ത് ജനരോഷമുണ്ടാക്കും. നിലവിൽ രാജ്യത്ത് വൈദ്യുതി താരിഫ് താരതമ്യേന കൂടുതലുള്ള സംസ്ഥാനമാണ് കേരളം. ഇത്തരം പ്രതിസന്ധികൾ മറികടക്കാനുള്ള സാമ്പത്തിക സുസ്ഥിരതയല്ല കെ.എസ്.ഇ.ബിക്ക് ഉള്ളത് എന്നത് സ്ഥിതി കൂടുതൽ സങ്കീർണമാക്കും.

ബോർഡിന്

ചെയ്യാവുന്നത്

 പവർ പർച്ചേസ് എഗ്രിമെന്റ് വ്യവസ്ഥകൾ പ്രകാരമുള്ള 465 മെഗാവാട്ടിന്റെ കോറിഡോർ ലഭ്യത തുടർന്നും കേരളത്തിന് അർഹതപ്പെട്ടതാണ്. കോറിഡോർ ലഭ്യത ഉള്ളിടത്തോളം അതുപയോഗിച്ച് നല്ല രീതിയിൽ നടപടിക്രമങ്ങൾ പാലിച്ച് പുതിയ ദീഘകാല കരാറുകളിലൂടെ കേന്ദ്ര സർക്കാർ അനുവദിക്കുന്ന സബ്സിഡിയുള്ള കൽക്കരി ഉപയോഗിച്ച് നിർദ്ദിഷ്ട വ്യവസ്ഥയിൽ വൈദ്യുതി ലഭ്യമാക്കാൻ നടപടികളെടുക്കാം.

 ഈ രീതിയിൽ വൈദ്യുതി ലഭ്യമാകുന്നതു വരെ ഇന്ത്യയിൽ എവിടെ നിന്നും ഇടക്കാല കരാറുകളിലൂടെ വൈദ്യുതി ലഭ്യമാക്കാൻ നോക്കാം. കായംകുളവും കെ.ഡി.പി.പിയും ഒക്കെ ആവശ്യത്തിന് അനുസരിച്ച് ഉപയുക്തമാക്കാൻ നോക്കാം.

 അടുത്ത വേനൽക്കാലം എത്തുന്നതിനു മുമ്പത്തെ ഏഴു മാസക്കാലത്തിനകം ഈ വർഷവും അടുത്ത വർഷവുമായി കമ്മിഷൻ ചെയ്യുമെന്നു പറയുന്ന പദ്ധതികൾ വേഗത്തിൽ പൂർത്തായാക്കാൻ നടപടികളെടുക്കാം.