h

ചെന്നൈ: സംസ്ഥാനത്തെ സർക്കാർ സ്കൂളുകളുടെ പേരിൽ നിന്ന് ട്രൈബൽ എന്ന വാക്ക് മാറ്റണമെന്ന് മദ്രാസ് ഹൈക്കോടതി. ജാതി,​വർഗ സൂചകങ്ങൾ ഉപയോഗിക്കുന്നത് അനാവശ്യമാണെന്നും അത് വിദ്യാർത്ഥികളെ ബാധിക്കുമെന്നും കോടതി നിരീക്ഷിച്ചു. ഇത്തരം വാക്കുകൾ നീക്കം ചെയ്യാൻ തമിഴ്നാട് സർക്കാരിനോട് ജസ്റ്റിസ് എസ്.എം സുബ്രഹ്മണ്യം,ജസ്റ്റിസ് സി.കുമാരപ്പൻ എന്നിവരടങ്ങിയ ബെഞ്ച് നിർദ്ദേശിച്ചു.

68 പേരുടെ മരണത്തിനിടയാക്കിയ കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സ്വമേധയാ ഫയലിൽ സ്വീകരിച്ച ഹർജി പരിഗണിക്കവെയായിരുന്നു നിരീക്ഷണം. മേഖലയിൽ നടപ്പാക്കിയ ക്ഷേമപദ്ധതികൾ സംബന്ധിച്ച് അഡ്വക്കേറ്റ് ജനറൽ (എ.ജി) സമർപ്പിച്ച സ്റ്റാറ്റസ് റിപ്പോർട്ട് പരിശോധിക്കവേ, 'സർക്കാർ ട്രൈബൽ റസിഡൻഷ്യൽ സ്‌കൂൾ' എന്ന പേരിൽ സ്‌കൂളുകൾ പ്രവർത്തിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതായി ബെഞ്ച് പറഞ്ഞു. 'സർക്കാർ സ്‌കൂളിന്റെ പേരിനൊപ്പം ട്രൈബലെന്ന് ഉപയോഗിക്കുന്നത് ന്യായമല്ല. അത് കുട്ടികളെ ബാധിക്കും. മറ്റ് കുട്ടികൾക്ക് തുല്യമായി സ്‌കൂളിലല്ല,'ട്രൈബൽ സ്‌കൂളിലാണ്' പഠിക്കുന്നതെന്ന് അവർക്ക് തോന്നും. കുട്ടികളെ കളങ്കപ്പെടുത്തുന്ന ഒന്നും കോടതിയും സർക്കാരും അംഗീകരിക്കില്ല. 21-ാം നൂറ്റാണ്ടിലും സർക്കാർ സ്‌കൂളുകളിൽ ഇത്തരം വാക്കുകൾ ഉപയോഗിക്കാൻ അനുമതി നൽകുന്നത് വേദനാജനകമാണ്. സാമൂഹ്യനീതിയിൽ മുന്നിട്ടുനിൽക്കുന്ന തമിഴ്നാട് പോലൊരു സംസ്ഥാനത്ത് ഇത്തരം വാക്കുകൾ ഉപയോഗിക്കരുത്. ഇക്കാര്യത്തിൽ ചീഫ് സെക്രട്ടറി നടപടി സ്വീകരിക്കണം-കോടതി നിരീക്ഷിച്ചു. അതേസമയം,​എ.ജിയുടെ റിപ്പോർട്ടിൽ ബെഞ്ച് അതൃപ്തി രേഖപ്പെടുത്തിയ കോടതി മറ്റൊരു റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശിച്ചു. ആഗസ്റ്റ് രണ്ടിന് വീണ്ടും വാദം കേൾക്കും.