പാരീസ് : റോവിംഗിൽ ഹീറ്റ്സിലൂടെ ക്വാർട്ടർ ഫൈനലിൽ കടക്കാൻ കഴിയാതെപോയ ഇന്ത്യൻ താരം ബൽരാജ് പൻവാർ ഇന്ന് ക്വാർട്ടർ സാദ്ധ്യതയ്ക്കായി റെപ്പഷാഗെ റൗണ്ടിൽ മത്സരിക്കാനിറങ്ങും. വെയേഴ്സ് സു മാനേ നോട്ടിക്കൽ സ്റ്റേഡിയത്തിൽ 2000 മീറ്റർ മത്സരത്തിന്റെ ഹീറ്റ്സിനിറങ്ങിയ ബൽരാജ് നാലാം സ്ഥാനത്തായതോടെയാണ് ക്വാർട്ടർ ഫൈനൽ നഷ്ടമായത്. 7 മിനിട്ട് 07.11 സെക്കൻഡിലായിരുന്നു ബൽരാജിന്റെ ഫിനിഷ്. ഒന്നാം ഹീറ്റ്സിൽ ബൽരാജിനൊപ്പം മത്സരിച്ച മൂന്നുപേർ ക്വാർട്ടറിലേക്ക് യോഗ്യത നേടി. ഇന്നാണ് റെപ്പഷാഗെ റൗണ്ട് നടക്കുന്നത്.
ന്യൂസിലാൻഡിന്റെ തോമസ് മക്കിൻടോഷ്, ഗ്രീസിന്റെ സ്റ്റെഫാനോസ് ഇന്റസ്കോസ്, ഈജിപ്തിന്റെ അബ്ദിൽഖാലിഖ് എന്നിവരാണ് ബൽരാജ് മത്സരിച്ച ഹീറ്റ്സിൽ നിന്ന് ക്വാർട്ടറിൽ കടന്നത്. ഇതിൽ സ്റ്റെഫാനോസ് ഇന്റസ്കോസ് നിലവിലെ ഒളിമ്പിക് ചാമ്പ്യനാണ്. മക്കിൻടോഷ് ടോക്യായിൽ ടീമിനത്തിൽ സ്വർണം നേടിയിരുന്നു.
റെപ്പഷാഗെ ഇങ്ങനെ
ആറ് ഹീറ്റ്സുകളിലായി 33 താരങ്ങളാണ് 2000 മീറ്റർ റോവിംഗിൽ മാറ്റുരച്ചത്. ഇതിൽ ഓരോ ഹീറ്റ്സിലെയും ആദ്യ മൂന്ന് സ്ഥാനക്കാർ നേരിട്ട് ക്വാർട്ടറിലെത്തും. നാലുമുതൽ ആറുവരെ സ്ഥാനക്കാർ മൂന്ന് റെപ്പഷാഗെ റൗണ്ടുകളിലായി മത്സരിച്ച് ഓരോ റെപ്പഷാഗെയിലെയും ആദ്യ രണ്ട് സ്ഥാനക്കാർ വീതം ക്വാർട്ടറിലെത്തും.