ആലപ്പുഴ: ഓടയിൽ ഒളിച്ച കള്ളനെ പുറത്തുചാടിക്കാൻ പഠിച്ചപണി പതിനെട്ടും പയറ്റി കായംകുളം പൊലീസ്. ഒടുവിൽ ഫയർഫോഴ്സിനെ വിളിച്ചാണ് കള്ളനെ പുറത്തെടുത്തത്. അതിസാഹസിക ശ്രമങ്ങൾക്കൊടുവിലാണ് തമിഴ്‌നാട് സ്വദേശി രാജശേഖരനെയാണ് പൊലീസ് പിടികൂടിയത്. കായംകുളം റെയിൽവേ സ്റ്റേഷന് സമീപമായിരുന്നു നാടകീയ രംഗങ്ങൾ അരങ്ങേറിയത്.
പരിസരത്തെ വീടുകളിൽ മോഷണശ്രമം നടത്തിയ കള്ളൻ ചെന്നുപെട്ടത് പട്രോളിംഗ് നടത്തുന്ന പൊലീസിന്റെ മുന്നിലായിരുന്നു. ഇവിടെ നിന്ന് ഓടിയ കള്ളന്റെ പിന്നാലെ പൊലീസും ഓടി. പെട്ടെന്ന് ഓടിരക്ഷപ്പെടാനായി കള്ളൻ ഓടയിലേക്ക് കയറുകയായിരുന്നു. എത്ര ശ്രമിച്ചിട്ടും കള്ളനെ പുറത്തെടുക്കാൻ പൊലീസിന് കഴിഞ്ഞില്ല. തുടർന്ന് അഗ്നിരക്ഷാസേനയെ വിളിക്കുകയായിരുന്നു.
ഓടയുടെ സ്ലാബ് പൊളിച്ച് കള്ളനെ പുറത്തെത്തിക്കാനുള്ള ശ്രമം തുടരുന്നതിനിടെ കള്ളൻ കൂടുതൽ ഉള്ളിലേക്ക് പോയി. തുടർന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ ഓക്സിജന്റെ സഹായത്തോടെ ഓടയുടെ ഉള്ളിലേക്ക് ഇറങ്ങി അതിസാഹസികമായി മോഷ്ടാവിനെ പുറത്തെത്തിക്കുകയായിരുന്നു. ഇയാൾക്കെതിരെ മോഷണ ശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തുമെന്ന് പൊലീസ് അറിയിച്ചു.