തിരുവനന്തപുരം: മാലിന്യ സംസ്‌കരണ പ്രവത്തനങ്ങളിൽ സംസ്ഥാന, ജില്ലാ, പ്രദേശിക തലങ്ങളിൽ സൃഷ്ടിച്ച മാതൃകകൾ ഉദ്ഘാടനം ചെയ്ത് കൊണ്ടാണ് 'മാലിന്യമുക്തം നവകേരളം' ക്യാമ്പയിൻ ആരംഭിക്കുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഉദ്ഘാടനം ചെയ്യേണ്ട മാതൃകാ സ്ഥലങ്ങൾ ഏതൊക്കെയെന്ന് സെപ്തംബർ 20നകവും ആവശ്യമായ മുന്നൊരുക്ക പ്രവർത്തനങ്ങൾ 30നകവും പൂർത്തിയാക്കും. ഇതിന് മുന്നോടിയായി അയൽക്കൂട്ടങ്ങൾ, ഗ്രാമങ്ങൾ, നഗരങ്ങൾ, സർക്കാർ, പൊതുമേഖലാ ഓഫീസുകൾ, വിദ്യാലയങ്ങൾ, കലാലയങ്ങൾ, വിനോദസഞ്ചാരകേന്ദ്രങ്ങൾ എന്നിവ ഹരിതമായി മാറണം.
ക്യാമ്പയിന്റെ പ്രവർത്തനങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രി അദ്ധ്യക്ഷനും പ്രതിപക്ഷ നേതാവ്, തദ്ദേശ സ്വയംഭരണ, ജലവിഭവ, കൃഷി, ആരോഗ്യ, പൊതുമരാമത്ത്, ടൂറിസം, വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിമാർ, സംസ്ഥാന ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ എന്നിവർ ഉപാദ്ധ്യക്ഷൻമാരും ചീഫ് സെക്രട്ടറി കൺവീനറുമായ ഉന്നതതല നിർവഹണ സമിതി രൂപികരിക്കും. ഇതിൽ മന്ത്രിമാർ, ചീഫ് വിപ്പ്, വകുപ്പ്തല മേധാവികൾ, റസിഡൻസ് അസോസിയേഷൻ, യുവജന, വിദ്യാർത്ഥി, വനിതാ, സന്നദ്ധ സംഘടനാ പ്രതിനിധികൾ അംഗങ്ങളാവും.