ന്യൂയോർക്ക് : യു.എസ് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ചെവിയിൽ തറച്ചത് അക്രമിയുടെ തോക്കിൽ നിന്നുള്ള ബുള്ളറ്റ് തന്നെയാണെന്ന് എഫ്.ബി.ഐ (ഫെഡറൽ ബ്യൂറോ ഒഫ് ഇൻവെസ്റ്റിഗേഷൻ). പൂർണ ബുള്ളറ്റോ അല്ലെങ്കിൽ ചിതറിത്തെറിച്ച ബുള്ളറ്റിന്റെ ഭാഗമോ ആകാമെന്നും വ്യക്തമാക്കി.
ബുള്ളറ്റ് നേരിട്ട് ട്രംപിന്റെ ചെവിയിൽ കൊണ്ടോ എന്ന് എഫ്.ബി.ഐ ഡയറക്ടർ ക്രിസ്റ്റഫർ റേ കഴിഞ്ഞ ദിവസം സംശയം പ്രകടിപ്പിച്ചത് വിവാദമായിരുന്നു. ബുള്ളറ്റാണോ, ബുള്ളറ്റിന്റെ ചീളുകൾ തറച്ചതാണോ എന്നതിൽ വ്യക്തത വരണമെന്നാണ് അദ്ദേഹം ട്രംപിന് നേരെയുണ്ടായ വധശ്രമത്തെ പറ്റി അന്വേഷിക്കുന്ന ജനപ്രതിനിധി സഭാ കമ്മിറ്റിക്ക് മുന്നിൽ അറിയിച്ചത്.
ഇതിനെ ട്രംപും റിപ്പബ്ലിക്കൻമാരും രൂക്ഷമായി വിമർശിച്ചതിന് പിന്നാലെയാണ് വിശദീകരണം. ഈ മാസം 13ന് പെൻസിൽവേനിയയിൽ തിരഞ്ഞെടുപ്പ് റാലിയ്ക്കിടെയാണ് ട്രംപിന്റെ വലതുചെവിയിൽ വെടിയേറ്റത്. അക്രമിയെ സുരക്ഷാസേന വധിച്ചിരുന്നു.