pic

റോം : മെഡിറ്ററേനിയൻ കടലിൽ 1,28,000 ഡോളർ ( 1,07,16,480 രൂപ) വിലമതിക്കുന്ന ഉല്ലാസ ബോട്ടിനെ ആക്രമിച്ച് മുക്കി ഓർക്കകൾ (കൊലയാളിത്തിമിംഗലം). പോർച്ചുഗലിലെ വിലാമോറയിൽ നിന്ന് ഗ്രീസിലേക്ക് പുറപ്പെട്ട സംഘത്തിന് നേരെ ബുധനാഴ്ചയായിരുന്നു ആക്രമണം.

പുറപ്പെട്ട് 22 മണിക്കൂറിനുള്ളിൽ 39 അടി നീളമുള്ള ബോട്ടിന് നേരെ അഞ്ച് ഓർക്കകൾ പാഞ്ഞടുക്കുകയായിരുന്നു. ബോട്ടിനെ വട്ടം ചുറ്റിയ ഓർക്കകൾ ശക്തമായി ഇടിക്കാൻ തുടങ്ങി. 2 മണിക്കൂറിനിടെ ഏകദേശം 15 തവണ ഇടിച്ചു. ഇതുവഴി വന്ന ഒരു സ്പാനിഷ് കപ്പൽ മുങ്ങിത്തുടങ്ങിയ ബോട്ടിൽ നിന്ന് യാത്രികരെ രക്ഷിക്കുകയായിരുന്നു.

മിനിറ്റുകൾക്കുള്ളിൽ ബോട്ട് കടലിൽ മുങ്ങിത്താഴ്ന്നു. ബോട്ടിന്റെ നാല് വശത്ത് നിന്നും സംഘടിതമായ ആക്രമണമാണ് ഓർക്കകൾ നടത്തിയതെന്ന് ബോട്ടിലുണ്ടായിരുന്ന റോബർട്ട് പവൽ (59) പറയുന്നു. ഇദ്ദേഹത്തിന്റെ ജന്മദിനാഘോഷത്തിന്റെ ഭാഗമായാണ് സംഘം ബോട്ട് യാത്ര പുറപ്പെട്ടത്.

സമുദ്രത്തിലെ ഏറ്റവും അപകടകാരിയായ വേട്ടക്കാരാണ് ഓർക്കകൾ. ശരിക്കും ഡോൾഫിന്റെ കുടുംബത്തിൽപ്പെട്ടവയാണ് ഇക്കൂട്ടർ. ഗ്രേറ്റ് വൈറ്റ് ഷാർകുകളെ പോലും തങ്ങളുടെ മൂർച്ചയേറിയ പല്ലുകൊണ്ട് കൊല്ലാൻ ഇവർക്ക് ശേഷിയുണ്ട്.

കൂർത്ത പല്ലുകൾ ഉപയോഗിച്ചുള്ള ഇവരുടെ വേട്ടയാടൽ വിദ്യകൾ ഏറെ പ്രസിദ്ധമാണ്. ഭൂമിയിലെ ഏറ്റവും വലിയ സസ്തനിയായ നീലത്തിമിംഗലത്തെയും ഓർക്കകൾക്ക് വേട്ടയാടാൻ കഴിയുമെന്ന് കണ്ടെത്തിയിട്ടുണ്ട്. കടലിൽ ബോട്ടുകൾ ഇക്കൂട്ടർ ആക്രമിക്കുന്നതും പതിവാണ്. ജന്തുലോകത്തിൽ ഏറ്റവും വലിയ രണ്ടാമത്തെ തലച്ചോറ് കൊലയാളിത്തിമിംഗലങ്ങൾക്കാണ്.

പരിശീലകന്റെ നിർദ്ദേശാനുസൃതം വെള്ളത്തിൽ കുതിച്ചുചാടാനും മുകളിലേക്ക് പൊങ്ങാനും കഴിയുന്ന ഓർക്കകളെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ അക്വേറിയങ്ങളിലും പാർക്കുകളിലും അഭ്യാസപ്രകടനങ്ങൾ അവതരിപ്പിക്കാൻ മുമ്പ് വ്യാപകമായി ഉപയോഗിച്ചിരുന്നു.