ആദ്യ മത്സരത്തിൽ ഇന്ത്യ 3-2ന് ന്യൂസിലാൻഡിനെ തോൽപ്പിച്ചു
പാരീസ് : സമനിലയിലായിപ്പോകുമോ എന്ന് സന്ദേഹിച്ച മത്സരം അവസാനിക്കാൻ ഒന്നര മിനിട്ട് മാത്രം ശേഷിക്കവേ നായകൻ ഹർമൻപ്രീത് സിംഗ് പെനാൽറ്റി സ്ട്രോക്ക് ഗോളാക്കിയതിലൂടെ വിജയത്തിലെത്തിച്ച് ഇന്ത്യൻ പുരുഷ ഹോക്കി ടീം. ഇന്നലെ ഒളിമ്പിക്സിലെ ആദ്യ മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു ഇന്ത്യയുടെ ജയം.
എട്ടാം മിനിട്ടിൽ പെനാൽറ്റി കോർണറിൽ നിന്ന് ഇന്ത്യൻ വലകുലുക്കി ലീഡെെടുത്ത് കിവികൾ ഞെട്ടിച്ചിരുന്നു. സേം ലേൻ ആയിരുന്നു സ്കോററർ. എന്നാൽ 24-ാം മിനിട്ടിൽ ഇന്ത്യ തിരിച്ചടിച്ചു. ഒരു പെനാൽറ്റി കോർണർ റീബൗണ്ട് ചെയ്തതിൽ നിന്ന് മൻദീപാണ് സ്കോർ ചെയ്തത്. ഇതോടെ പകുതി സമയത്ത് ഇരുടീമുകളും 1-1ന് സമനിലയിലായിരുന്നു. 34-ാം മിനിട്ടിൽ ഇന്ത്യ വീണ്ടും സ്കോർ ചെയ്തു. മൻദീപിന്റെ ഷോട്ട് വിവേക് സാഗറിന്റെ സ്റ്റിക്കിൽ തട്ടിയാണ് വലയിൽ കയറിയത്. വിജയത്തിലേക്ക് നീങ്ങുകയായിരുന്ന ഇന്ത്യയെ 53-ാം മിനിട്ടിൽ ചൈൽഡിന്റെ ഗോളിലൂടെയാണ് കിവീസ് വീണ്ടും സമനിലയിലാക്കിയത്. എന്നാൽ 59-ാം മിനിട്ടിലെ മൻപ്രീതിന്റെ ഗോൾ കളിയുടെ വിധിയെഴുതി.
തിങ്കളാഴ്ച അർജന്റീനയ്ക്ക് എതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.