gg

കൊച്ചി: നിർമ്മിതബുദ്ധി (എ.ഐ) സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള മറൈൻഡ്രൈവിലെ പാർക്കിംഗ് സംവിധാനം സെപ്തംബറിൽ ആരംഭിക്കും. സി.എസ്.എം.എല്ലുമായി സഹകരിച്ചാണ് ജി.സി.ഡി.എ പദ്ധതി നടപ്പാക്കുന്നത്. എയർപോർട്ട് മാതൃകയിലായിരിക്കും പാർക്കിംഗ്. പാർക്കിംഗ് എളുപ്പവും കൃത്യവും ആക്കുകയാണ് ലക്ഷ്യം. പദ്ധതി നടപ്പിലാക്കുന്നതിനായി മറൈൻഡ്രൈവ് പാർക്കിംഗ് ഗ്രൗണ്ട് മോടി പിടിപ്പിക്കും.

നഗരത്തിലെ പാർക്കിംഗുകൾ സ്മാർട്ട് ആക്കുന്നതിന്റെ ഭാഗമായാണ് നടപടി. സ്മാർട്ട് പാർക്കിംഗിന്റെ ആദ്യഘട്ടമായാണ് മറൈൻഡ്രൈവ് തിരഞ്ഞെടുത്തിരിക്കുന്നത്. ഇതിനുശേഷം മണപ്പാട്ടി പറമ്പിലും എ.ഐ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള പാർക്കിംഗ് നടപ്പിലാക്കാൻ ആലോചനയുണ്ട്. ഇത് സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല.

25 ലക്ഷത്തിന്റെ പദ്ധതി

വാഹനങ്ങൾ പ്രവേശിക്കുമ്പോൾ എ.ഐ ക്യാമറകളിലൂടെ വാഹനത്തിന്റെ നമ്പർ, ഏത് തരം വാഹനം എന്നിവയടക്കം മനസിലാക്കും.

 എത്രസമയം വാഹനം പാർക്കിംഗ് സ്ഥലം ഉപയോഗിച്ചുവെന്ന് മനസിലാക്കി പാർക്കിംഗ് ഫീസ് ഈടാക്കും

. ഫാസ്റ്റ് ടാഗ്, ഡെബിറ്റ് കാർഡ്, യു.പി.ഐ എന്നിവ ഉപയോഗിച്ച് പണം അടയ്ക്കാം.

മുൻകൂറായി പാ‌ർ‌ക്കിംഗ് സ്പേസ് ബുക്ക് ചെയ്യാനുള്ള സംവിധാനം

മൊബൈൽ ആപ്ലിക്കേഷൻ വഴി പാർക്കിംഗ് സ്പേസ് ലഭ്യമാണോ എന്ന് അറിയാൻ സാധിക്കും.

ഹൈ സെക്യൂരിറ്റി

മറൈൻഡ്രൈവിന്റെ വികസനത്തിന്റെ ഭാഗമായി വലിയ സെക്യൂരിറ്റി സംവിധാനമാണ് നിലവിൽ ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ മേയ് മുതൽ 30 എക്സ്. സ‌ർവീസ് ഉദ്യോഗസ്ഥരെ മറൈൻഡ്രൈവിൽ ഉടനീളം വിന്യസിപ്പിച്ചിട്ടുണ്ട്. രാത്രികാലങ്ങളിൽ കുടുംബത്തോടൊപ്പം എത്തുന്നവർക്ക് സുരക്ഷാക്രമീകരണങ്ങൾ ഏറെ സഹായകമാകും. വിപുലമായ പാർക്കിംഗ് സൗകര്യം അടക്കമുള്ള വികസന പ്രവർത്തനങ്ങൾ ആരംഭിക്കുമ്പോൾ വലിയ സെക്യൂരിറ്റിയും ഉറപ്പാക്കേണ്ടതുണ്ട്.