സ്‌കൂൾ വളപ്പിലെ വലയിൽ കുടുങ്ങിയ അപൂർവ ഇനം പക്ഷികളിലൊന്നായ മീൻകൂമനെ വിദ്യാർത്ഥികളും സ്‌കൂൾ ജീവനക്കാരും ചേർന്ന് രക്ഷപ്പെടുത്തി. എടവനക്കാട് എസ്.ഡി.പി.വൈ കെ.പി.എം ഹൈസ്‌കൂളിലെ വിദ്യാർത്ഥികളാണ് വലയിൽ കുടുങ്ങികിടന്ന നിലയിൽ പക്ഷിയെ കണ്ടെത്തിയത്. വിവരം സ്‌കൂൾ ഓഫീസിൽ അറിയിച്ചതിനെ തുടർന്ന് ജീവനക്കാരനായ വി.ആർ. സാനു പക്ഷിയെ വലക്കണ്ണികൾ വേർപ്പെടുത്തി രക്ഷപ്പെടുത്തി.
പക്ഷിയെ കണ്ടപ്പോൾത്തന്നെ വ്യത്യസ്തത തോന്നിയ അദ്ധ്യാപിക ടി. ഡി. ധന്യ പക്ഷി നിരീക്ഷകനും വൈൽഡ് ലൈഫ് ഫോട്ടോഗ്രഫറുമായ ഭർത്താവ് കിരൺ വിജയിന് ഫോട്ടോ അയച്ചുകൊടുത്തു. അപൂർവ ഇനമാണെന്ന് മനസിലായതോടെ കിരൺ വൈൽഡ് ലൈഫ് ഫോട്ടോഗ്രഫർ ശരത് ഞാറക്കലിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ശരത്ത് സ്‌കൂളിലെത്തി പക്ഷിയെ കണ്ട് മീൻ കൂമനാണെന്ന് ഉറപ്പിച്ചു. പകൽ സമയം മുഴുവൻ സ്കൂളിൽ തുടർന്ന പക്ഷി രാത്രിയായതോടെ പറന്നു പോയി
മീൻ കൂമൻ
പൂച്ചയുടെ മുഖത്തിനോട് സാമ്യമുള്ളതും പരുന്തിനോളം വലിപ്പമുള്ളതുമായ പക്ഷിയാണ് മീൻകൂമൻ. ഉയരമുള്ള വൃക്ഷങ്ങളിലാണ് പൊതുവെ ഇവ കൂടുകൂട്ടുന്നത്. മത്സ്യങ്ങളാണ് ഇവയുടെ ഭക്ഷണം. ഇതിനാലാണ് മീൻ കൂമനെന്ന വിളിപ്പേര് കിട്ടിയത്. മഞ്ഞ നിറത്തിലുള്ള കണ്ണുകളാണ്. തലയിൽ ചെവികൾ പോലെയുള്ള കട്ടി തൂവലുകളുണ്ട്. തവിട്ടു നിറവും കറുപ്പ നിറവും കലർന്ന തൂവലുകളാണ്. പകൽ സമയം കാഴ്ച പരിമിതമാണ്. ഇതിനാൽ പലപ്പോഴും കാക്കകൾ ആക്രമിക്കാറുണ്ട്. രാത്രിയിലാണ് സഞ്ചാരം