pic

ന്യൂയോർക്ക്: യു.എസിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയെന്ന റെക്കാഡ് വഹിക്കുന്ന ടെക്സസ് സ്വദേശി എലിസബത്ത് ഫ്രാൻസിസിന് 115 വയസ് തികഞ്ഞു. ഈ മാസം 25നായിരുന്നു പിറന്നാൾ. സന്തോഷകരമായ ജീവിതം ലഭിച്ചാൽ നമുക്ക് ദീർഘായുസ്സോടെ ഇരിക്കാമെന്ന് എലിസബത്ത് പറഞ്ഞു. നാവിന് പകരം മനസ് കൊണ്ട് സംസാരിക്കാൻ പഠിക്കണമെന്നും കൂട്ടിച്ചേർത്തു.

ഒന്നാം ലോക മഹായുദ്ധവും സ്പാനിഷ് ഫ്ലൂവും ടൈറ്റാനിക്ക് കപ്പലിന്റെ തകർച്ചയും അടക്കം ഒരു നൂറ്റാണ്ടിനിടെ ലോകത്തുണ്ടായ നിരവധി സംഭവവികാസങ്ങൾക്ക് സാക്ഷിയാകാൻ എലിസബത്തിനായി. വില്യം ഹോവാർഡ് താഫ്റ്റ് മുതൽ ജോ ബൈഡൻ വരെ 20 പ്രസിഡന്റുമാർ ഇക്കാലയളവിൽ യു.എസിനുണ്ടായി. ലോകത്ത് ജീവിച്ചിരിക്കുന്ന പ്രായം കൂടിയ വ്യക്തികളിൽ നാലാം സ്ഥാനമാണ് എലിസബത്തിന്. അമേരിക്കയുടെ മുത്തശ്ശിയെന്നാണ് എലിസബത്തിനെ വിശേഷിപ്പിക്കുന്നത്.

1909ൽ ലൂസിയാനയിലാണ് എലിസബത്തിന്റെ ജനനം. 95 വയസുള്ള മകൾ ഡൊറോത്തി വില്യംസിനും 69 വയസുള്ള ചെറുമകൾ എഥൽ ഹാരിസണിനും ഒപ്പമാണ് എലിസബത്തിന്റെ താമസം. കിടപ്പ് രോഗിയായ എലിസബത്തിന് ഓർമ്മക്കുറവുണ്ടെങ്കിലും കുടുംബാംഗങ്ങളെ തിരിച്ചറിയാം.

കാര്യങ്ങൾ മനസിലാക്കാനും ശ്രദ്ധിക്കാനും കഴിയും. കഴിഞ്ഞ ഫെബ്രുവരിയിൽ 116 വയസുള്ള എഡീ സെകാറെല്ലി മരണമടഞ്ഞതോടെയാണ് യു.എസിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയെന്ന പദവി എലിസബത്തിന് ലഭിച്ചത്.

70കളിൽ ഹൂസ്റ്റണിൽ ഒരു കോഫി ഷോപ്പ് നടത്തിയിരുന്ന എലിസബത്തിന് ഡ്രൈവിംഗ് അറിയില്ല. പൊതുഗതാഗതത്തെയോ ബന്ധുക്കളോയോ ആണ് യാത്രകൾക്ക് ആശ്രയിച്ചിരുന്നത്. സിംഗിൾ മദർ എന്ന നിലയിൽ മകളെ വളർത്തിയ എലിസബത്ത് കുടുംബത്തിനായി ഒരുപാട് കഠിനാദ്ധ്വാനം ചെയ്തിട്ടുണ്ട്.

ആരോഗ്യകരമായ ഭക്ഷണശീലമാണ് എലിസബത്തിന്റെ ദീർഘായുസിന്റെ രഹസ്യം. എന്നും നടക്കാൻ പോകുന്നത് പതിവായിരുന്നു. 90 വയസ് വരെ പുകവലിയോ മദ്യമോ പരീക്ഷിച്ചിട്ടില്ല. ഫാസ്റ്റ് ഫുഡ് ഒരിക്കലും കഴിച്ചിട്ടില്ല. പച്ചകറികൾ വളരെ ഇഷ്ടമാണ്. എലിസബത്തിന് വീട്ടിൽ സ്വന്തമായി പച്ചക്കറിത്തോട്ടമുണ്ടായിരുന്നു.

പാചകവും ഏറെ ഇഷ്ടമായിരുന്നു. കുടുംബത്തോടൊപ്പം ചെലവഴിക്കുന്നതിന് മുൻഗണന നൽകിയിരുന്ന എലിസബത്ത് എപ്പോഴും തന്റെ അമ്മയുടെയും മുത്തശ്ശിയുടെയും വീടുകൾ സന്ദർശിച്ചിരുന്നു.