ഇന്ത്യയിലെ ആൻഡമാൻ ദ്വീപുകളിൽ മാത്രം കാണുന്ന ചാൾസ് ഡാർവിൻ തവളകളിൽ സവിശേഷമായ പ്രജനന രീതി കണ്ടെത്തി. തലകീഴായി നിന്ന് മരപ്പൊത്തിലെ വെള്ളത്തിലേക്ക് മുട്ടയിടുന്നതാണ് സവിശേഷത. മറ്റൊരു തവളയും തലകീഴായി മരപ്പൊത്തിൽ മുട്ടയിടുന്നില്ല.
ശാസ്ത്ര നാമം മിനർവാര്യ ചാർലെസ് ഡാർവിനി എന്നാണ്. ഇവയുടെ ഇണകൾ മരപ്പൊത്തിന്റെ ഭിത്തിയിൽ തലകീഴായി പറ്റിപ്പിടിച്ചു നിൽകുമ്പോഴാണ് മുട്ട ഇടുന്നത്. വിരിയുന്ന കുഞ്ഞുങ്ങൾ വെള്ളത്തിൽ വളർച്ച പൂർത്തിയാക്കി കരയിൽ ഇറങ്ങും.
ഇന്ത്യയിലെയും അമേരിക്കയിലെയും ബയോളജിസ്റ്റുകളുടെ സംഘമാണ് ഈ അപൂർവത കണ്ടെത്തിയത്. മലയാളിയും ഡൽഹി യൂണി. പ്രൊഫസറുമായ എസ്. ഡി. ബിജു ആണ് നേതൃത്വം നൽകിയത്. ഹാർവാർഡ് റാഡ്ക്ലിഫ് ഇൻസ്റ്റിറ്റ്യൂട്ട് ഫെലോയും കംപാരറ്റീവ് സുവോളജി മ്യൂസിയത്തിന്റെ അസോസിയേറ്റുമാണ് എസ്. ഡി. ബിജു. ഇവരുടെ പഠനം ഹാർവാർഡ് മ്യൂസിയം ഓഫ് കംപാരിറ്റീവ് സുവോളജിയുടെ ജേർണൽ ബ്രെവിയോറയിൽ (Breviora) പ്രസിദ്ധീകരിച്ചു .
ആൻഡമാൻ ദ്വീപസമൂഹത്തിലെ വിദൂരദ്വീപുകളിൽ തവളകളുടെ പ്രത്യുത്പാദനം പഠിക്കാൻ ഗവേഷകർ മൺസൂൺ കാലത്ത് 55 രാത്രികൾ ചെലവഴിച്ചു.
സ്വാഭാവിക ആവാസവ്യവസ്ഥ ഇല്ലാത്ത ഇടങ്ങളിൽ ചെടിച്ചട്ടികളിലും കുപ്പത്തൊട്ടിയിലും വരെ ഇവ മുട്ട ഇടുന്നതായും കണ്ടെത്തി. ദ്വീപുകളിലെ അതിവേഗം മാറുന്ന ഭൂപ്രകൃതിയിൽ ഈ തവളകൾ വംശനാശഭീഷണിയിലാണ്.
ഇണചേരാൻ യുദ്ധം
ആൺ തവള ഇണയെ ആകർഷിക്കാൻ മൂന്ന് തരത്തിൽ ഒച്ചയിടും. പെൺ തവളയുമായി ഇണചേരാൻ ആൺതവളകൾ മത്സരിക്കും. പോർവിളിയും ഉണ്ട്. ശാരീരിക പോരാട്ടം നടക്കും. കൈകളും കാലുകളും ഉപയോഗിച്ച് ഇടിക്കും ചവി ചവിട്ടും. ശരീരത്തിലും തലയിലും കടിക്കും. ഒരു ആൺതവള പെൺതവളയുടെ മേൽ കയറിയാൽ, മറ്റ് ആൺതവളകൾ അവയെ വേർപെടുത്താൻ ശ്രമിക്കും. ഇതിനായി പിന്നിൽ നിന്ന് ഇണകളുടെ ശരീരങ്ങൾക്കിടയിൽ തല തിരുകിക്കയറ്റും. നുഴഞ്ഞുകയറ്റക്കാരെ ആൺതവള പിൻകാലുകൾ കൊണ്ട് തൊഴിക്കും. ആക്രമണം ഒഴിവാക്കാൻ മുതുകിൽ ഇരിക്കുന്ന ആൺതവളയുമായി പെൺതവള മരപ്പൊത്തിൽ കയറും. അവിടെയാണ് ഇണചേരുന്നതും മുട്ടയിടുന്നതും. പിന്നിൽ നിന്നുള്ള ആക്രമണം ഒഴിവാക്കാനാണ് തലകീഴായി നിന്ന് മുട്ടയിടുന്നത്.
ഗർഭിണിക്കുതിരയെ
തല്ലിക്കൊല്ലാൻ ശ്രമം
6 ക്രിമിനലുകൾക്കെതിരെ കേസ്
കൊല്ലം: ക്ഷേത്ര പരിസരത്ത് കെട്ടിയിട്ടിരുന്ന അഞ്ചു മാസം ഗർഭിണിയായ കുതിരയെ, കാറിലും സ്കൂട്ടറിലുമെത്തിയ സംഘം ക്രൂരമായി മർദ്ദിച്ചു. വടക്കേവിള നെടിയം ഷാനവാസ് മൻസിലിൽ ഷാനവാസിന്റെ ദിയ എന്ന അഞ്ചുവയസുള്ള കുതിരയാണ് മർദ്ദനത്തിനിരയായത്. അവശനിലയിൽ വൈകിട്ട് കണ്ടെത്തിയ കുതിരയ്ക്ക് മർദ്ദനമേറ്റ വിവരം സി.സി.ടി.വി ദൃശ്യങ്ങളിലൂടെയാണ് ബോദ്ധ്യമായത്.
കഴിഞ്ഞ ദിവസം വൈകിട്ട് 4 ഓടെയാണ് സംഭവം. തെക്കേക്കാവ് ഭഗവതിക്ഷേത്ര പരിസരത്താണ് പകൽ കുതിരയെ കെട്ടിയിരുന്നത്. കുതിരയെ പരിപാലിക്കുന്നവർ സന്ധ്യയോടെ അഴിക്കാനെത്തിയപ്പോൾ അസ്വസ്ഥത പ്രകടിപ്പിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് അടിയേറ്റ പാടുകൾ കണ്ടത്. ഷാനവാസെത്തി ക്ഷേത്രത്തിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ഞെട്ടിക്കുന്ന ദൃശ്യങ്ങൾ കണ്ടത്. നിറയെ പുല്ല് ഉള്ളതിനാലാണ് ക്ഷേത്രഭാരവാഹികളുടെ അനുമതിയോടെ കുതിരയെ ക്ഷേത്രപരിസരത്ത് കെട്ടിയിരുന്നത്.
നേരത്തെ, കുതിരയെ അഴിച്ചുകൊണ്ടു പോകാൻ ശ്രമിച്ചയാൾ ഉൾപ്പെട്ട സംഘമാണ് അക്രമത്തിന് പിന്നിലുള്ളത്. ഒരാൾ കുതിരയെ കയറിൽ പിടിച്ച്, കെട്ടിയിരുന്ന തെങ്ങിനോടു ചേർത്ത് അനങ്ങാനാകാത്തവിധം നിറുത്തുകയും മറ്റുള്ളവർ വടികൊണ്ടും കൈകാലുകൾ കൊണ്ടും മർദ്ദിക്കുകയുമായിരുന്നു. അഴിച്ചുമാറ്റി നിറുത്തിയും ഏറെനേരം മർദ്ദിച്ചു. സംഘത്തിലൊരാൾ കാൽമുട്ട് മടക്കി തുടർച്ചയായി കുതിരയുടെ നെഞ്ചിൽ ഇടിക്കുന്നതും സി.സി.ടി.വി ദൃശ്യത്തിൽ കാണാം. സംഭവം നാട്ടുകാരിൽ ചിലർ കണ്ടെങ്കിലും അക്രമിസംഘത്തെ ഭയന്ന് അടുത്തേക്ക് എത്തിയില്ല.
തേവള്ളിയിലെ ജില്ല വെറ്ററിനറി കേന്ദ്രത്തിൽ നടത്തിയ പരിശോധനയിൽ കുതിരയുടെ നെഞ്ചിലും കാലുകളിലും നീർക്കെട്ടുള്ളതായി കണ്ടെത്തി. കണ്ണിനു മുകളിലും മുഖത്തും ചെവിക്കും പരിക്കേറ്റിട്ടുണ്ട്. ഗർഭത്തിലുള്ള കുട്ടിക്ക് കുഴപ്പമില്ലെന്നും മുറിവുകൾ ഉണങ്ങുന്നുണ്ടെന്നും ജില്ല മൃഗസംരക്ഷണ ഓഫീസർ ഡോ. ഡി. ഷൈൻകുമാർ പറഞ്ഞു. ഗുജറാത്തിൽ നിന്നാണ് ആറുമാസം മുൻപ് കുതിരയെ കൊണ്ടുവന്നത്.
കേരളത്തിന് അപമാനം
സംഭവം സംസ്കാരിക കേരളത്തിന് അപമാനമാണെന്നും കുതിരയ്ക്കു വേണ്ട ചികിത്സ ഉറപ്പുവരുത്തിയിട്ടുണ്ടെന്നും മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. ഷാനവാസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കണ്ടാലറിയാവുന്ന ആറുപേർക്കെതിരെ ഇരവിപുരം പൊലീസ് കേസെടുത്തു. ക്രിമിനൽ കേസുകളിലടക്കം പ്രതികളായവരാണ് മർദ്ദനത്തിന് പിന്നിലെന്നും ഇവർക്കായി തെരച്ചിൽ ഊർജ്ജിതമാക്കിയെന്നും പൊലീസ് അറിയിച്ചു.