money

കിളിമാനൂർ: ചക്കയ്ക്ക് നഗരങ്ങളിൽ ആവശ്യക്കാരേറെയുണ്ടെങ്കിലും ഗ്രാമങ്ങളിൽ സ്ഥിതി അല്പം മോശമാണ്. കഴിച്ച് കഴിച്ച് മടുത്തെന്നാണ് ഗ്രാമവാസികളുടെ അഭിപ്രായം. മഴക്കാലം ആരംഭിച്ചതോടെയും മറ്റു പഴങ്ങളുടെ വരവോടെയുമാണ് ചക്കയുടെ വിലയിടിഞ്ഞത്.

പുരയിടങ്ങളിൽ ചക്ക പഴുത്ത് വീണ് ഈച്ചയും കൊതുകും പെരുകുകയാണ്.സീസണിന്റെ ആദ്യ സമയങ്ങളിൽ നല്ല വില ലഭിച്ചിരുന്നു. എന്നാൽ ഇപ്പോൾ വെറുതെ നൽകിയാലും ആർക്കും വേണ്ട.തമിഴ്നാട്ടിൽ നിന്നെത്തുന്ന വ്യാപാരികൾ പ്ലാവ് അടങ്കലെടുത്ത് ചക്ക കൊണ്ടു പോയിരുന്നു.

എന്നാൽ ഉടമയ്ക്ക് തുച്ഛമായ വിലയാണ് നൽകിയിരുന്നത്. ഒരു ചക്കയ്ക്ക് തമിഴ്നാട്ടിൽ 200 മുതൽ 500 രൂപ വരെ വില കിട്ടുമത്രേ. കൊവിഡ് സമയത്തും, ദാരിദ്ര്യ സമയത്തും പട്ടിണി മാറ്റാൻ സഹായിച്ച ചക്കയെ മഴക്കാലമായതോടെ ഉപേക്ഷിക്കാൻ കാരണം മഴക്കാലത്ത് രുചി കുറയുന്നത് കൊണ്ടാണത്രേ.

തമിഴ്നാടിന്റെ വടക്കുകിഴക്ക് ഭാഗങ്ങളിൽ ചക്കയുണ്ടെങ്കിലും അവിടുന്ന് കൊണ്ടു വരുന്നതിനേക്കാൾ കേരളത്തിൽ നിന്ന് കൊണ്ടുപോകുന്നതാണ് ലാഭമെന്നാണ് വ്യാപാരികൾ പറയുന്നത്. മാത്രമല്ല കേരള ചക്കയാണ് വറ്റൽ പോലുള്ള ഉത്പന്നങ്ങൾക്ക് രുചി നൽകുന്നതെന്നും ഇവർ പറയുന്നു.