youth

സിവിൽ സർവീസസ് പരീക്ഷയ്ക്ക് വിജയം നേടാൻ ശരിയായ സമീപനവും തന്ത്രങ്ങളും വ്യക്തമായ പ്ലാനിംഗും ആവശ്യമാണ്. സിവിൽ സർവീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കണോ എന്നുള്ള തീരുമാനമാണ് ഏറെ പ്രധാനം. പരീക്ഷയ്ക്ക് തയ്യാറെടുപ്പു തുടങ്ങി മാസങ്ങൾക്കുശേഷം പിൻവാങ്ങുന്ന വിദ്യാർത്ഥികളുമുണ്ട്. അതിനാൽ തീരുമാനം വളരെ വസ്തുനിഷ്ഠമായിരിക്കണം. തീരുമാനിച്ചു കഴിഞ്ഞാൽ പിൻവാങ്ങരുത്. വ്യക്തമായ തയ്യാറെടുപ്പും കോച്ചിംഗും വിജയതന്ത്രങ്ങളും ആവിഷ്കരിച്ച് പഠനം തുടരണം. പൊതുവിജ്ഞാനത്തിലുള്ള അറിവ്, അനലിറ്റിക്കൽ സ്കിൽ എന്നിവ മെച്ചപ്പെടുത്തണം. തയ്യാറെടുപ്പു രീതികളും തന്ത്രങ്ങളും ഇടയ്ക്കിടെ മാറ്റരുത്. വായനാശീലം മെച്ചപ്പെടുത്തുന്നതോടൊപ്പം, പതിവായി കുറിപ്പുകൾ തയ്യാറാക്കണം. ഒബ്ജക്റ്റീവ് മാതൃകയിലുള്ള ചോദ്യങ്ങൾക്കു ഉത്തരം കണ്ടെത്തി പ്രിലിമിനറി പരീക്ഷയിലെ സി.പി.ടി ക്ക് തയ്യാറെടുക്കണം.

പതിവായി ദിവസേന എട്ടു മണിക്കൂറെങ്കിലും തയ്യാറെടുക്കണം. പഠിച്ച ഭാഗങ്ങൾ ഇടയ്ക്കിടെ പുനരവലോകനം ചെയ്യണം. പോസിറ്റീവ് മനോഭാവത്തോടെ പരീക്ഷയ്ക്ക് തയ്യാറെടുക്കണം. പഠനക്രമത്തിൽ കാതലായ വ്യത്യാസം വരുത്തരുത്. ആഴ്ചതോറും സിലബസ്, ചോദ്യപേപ്പർ എന്നിവയ്ക്കനുസരിച് പഠിച്ച ഭാഗങ്ങൾ പുനരവലോകനം ചെയ്യണം. മുൻവർഷങ്ങളിലെ ചോദ്യങ്ങൾ, മാതൃകാ ചോദ്യങ്ങൾ എന്നിവ വിലയിരുത്തണം. പരമാവധി മുൻവർഷങ്ങളിലെ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ ശ്രമിക്കണം. പ്രിലിമിനറി, മെയിൻ, ഇന്റർവ്യൂ എന്നീ കടമ്പകളാണുള്ളത്. വളരെ സമയബന്ധിതമായി നടത്തുന്ന പരീക്ഷയാണിത്.കേന്ദ്ര ഗവൺമെന്റിനു കീഴിലുള്ള 1056 തസ്തികകളിലേക്ക്, അതായത് ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് തുടങ്ങി 24 ഓളം സർവീസുകളിലേക്കുള്ള പ്രവേശന പരീക്ഷയാണിത്.

ബിരുദമാണ് യോഗ്യത. അവസാന വർഷ ബിരുദ വിദ്യാർത്ഥികൾക്കും പരീക്ഷയെഴുതാം. പ്രായം 2024 ഓഗസ്റ്റ് ഒന്നിന് 21നും 32 വയസ്സിനുമിടയിലായിരിക്കണം. എസ്.സി, എസ്.ടി വിഭാഗത്തിൽപെട്ടവർക്കും,വിമുക്തഭടന്മാർക്കും അഞ്ചുവർഷത്തെ പ്രായപരിധിയിൽ ഇളവ് ലഭിക്കും ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവർക്ക് 10 വർഷത്തെയും ഒ.ബി.സി വിഭാഗത്തിൽപ്പെട്ടവർക്ക് മൂന്നുവർഷത്തെയും ഇളവ് ലഭിക്കും. ഒബ്ജക്റ്റീവ് മാതൃകയിലുള്ള മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങളാണ്. പ്രിലിമിനറി/സി.പി.ടി പരീക്ഷയ്ക്ക് 200 മാർക്ക് വീതമുള്ള രണ്ട് പേപ്പറുകളുണ്ടാകും. ചോദ്യങ്ങൾക്ക് ഇംഗ്ലീഷിലോ, ഹിന്ദിയിലോ ഉത്തരമെഴുതാം. പൊതുവിഭാഗത്തിൽപ്പെട്ടവർക്ക് ആറു തവണ പരീക്ഷ എഴുതാം. ഒ.ബി.സി, ജനറൽ, ഇ.ഡബ്ല്യൂ.എസ്, ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവർക്ക് 9 തവണ എഴുതാം.എസ്.സി, എസ്.ടി വിഭാഗക്കാർക്ക് പരിധി ബാധകമല്ല.ഇന്ത്യൻ ഫോറസ്റ്റ് സർവീസിലേക്കും പ്രിലിമിനറി പരീക്ഷ മേയ് 26 നാണ്. അപേക്ഷകർ സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷയെഴുതണം. വിശദവിവരങ്ങൾക്ക് www.upsc.gov.in സന്ദർശിക്കുക.

ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ തയ്യാറെടുക്കുന്ന മത്സര പരീക്ഷയാണിത്. ഒഴിവുകൾ ആയിരത്തോളം മാത്രം! പക്ഷെ തികഞ്ഞ ആത്മാർത്ഥത, ശുഭാപ്തിവിശ്വാസം, പോസിറ്റീവ് എനർജി എന്നിവ നിലനിർത്തിക്കൊണ്ടുള്ള തയ്യാറെടുപ്പുകൾ വിജയം കൈവരിക്കാൻ സഹായിക്കും. ശരാശരി വിദ്യാർത്ഥികളാണ് പരീക്ഷയിൽ 75 ശതമാനവും വിജയിക്കുന്നത്. മാത്രമല്ല പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിലൂടെ ഉദ്യോഗാർത്ഥികൾക്കു മറ്റു പ്രവേശന പരീക്ഷകളിലും വിജയം കൈവരിക്കാൻ സാധിക്കും.