actress

സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്ത് ബോക്‌സോഫീസിൽ വൻ ഹി​റ്റായി മാറിയ ബോളിവുഡ് ചിത്രമാണ് അനിമൽ. രൺബീർ കപൂറും രശ്മിക മന്ദാനയും പ്രധാന വേഷങ്ങളിലെത്തിയ ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നുവെന്ന വാർത്തകൾ അടുത്തിടെ പുറത്തുവന്നിരുന്നു. അനിമൽ പാർക്ക് എന്ന പേരിലായിരിക്കും ചിത്രത്തിന്റെ രണ്ടാം ഭാഗം എത്തുക. ഇതിനായുളള കാത്തിരിപ്പിലാണ് ഇപ്പോൾ ആരാധകർ.

അനിമലിലെ മ​റ്റൊരു നായികയായ തൃപ്തി ദിമ്രി അടുത്തിടെ നൽകിയ ഒരു അഭിമുഖമാണ് ചർച്ചയാകുന്നത്. പുതിയ ചിത്രത്തിൽ രൺബീറുമൊത്ത് അഭിനയിക്കാൻ അവസരം ലഭിച്ചതിനെക്കുറിച്ചും താരം തുറന്നുപറഞ്ഞിട്ടുണ്ട്. 'അനിമൽ പാർക്കിന്റെ കഥയെക്കുറിച്ച് താനും പ്രേക്ഷകരെ പോലെ കൗതുകത്തോടെയാണ് കാത്തിരിക്കുന്നത്. അത് ഉടൻ നടക്കും. തന്റെ അഭിനയ ജീവിതത്തിലുണ്ടായ മികച്ച ഒരു ചിത്രമായിരുന്നു അനിമൽ. ചിത്രത്തിലെ പ്രണയരംഗങ്ങളിൽ അഭിനയിച്ചതിന് ഒരുപാട് വിമർശനങ്ങൾ ഉണ്ടായി. ഓരോ അഭിനേതാവും ഇതിലൂടെ കടന്നുപോകേണ്ടതുണ്ട്. അനിമൽ കണ്ടതിനുശേഷമാണ് പ്രേക്ഷകർ താൻ അഭിനയിച്ച മ​റ്റു സിനിമകൾ കാണാനിടയായത്. ജീവിതത്തിൽ വലിയ മാറ്റങ്ങളുണ്ടായി'- തൃപ്തി ദിമ്രി പറഞ്ഞു.

വിക്കി കൗശൽ നായകനായി എത്തിയ ബാഡ് ന്യൂസ് എന്ന സിനിമയിലാണ് താരം അവസാനമായി അഭിനയിച്ചത്. കഴിഞ്ഞ വർഷം ഡിസംബറിലാണ് അനിമൽ തീയേ​റ്ററുകളിലെത്തിയത്. ചിത്രത്തിൽ ബോബി ഡിയോളാണ് പ്രതിനായകനായി എത്തിയത്. പ്രീതം, വിശാൽ മിശ്ര,മനാൻ ഭരത്വാജ്, ശ്രേയാസ് പുരാണിക്,ജാനി,അഷിം കിംസൺ, ഹർഷവർദ്ധൻ,രാമേശ്വർ,ഗൗരീന്ദർ സീഗൾ എന്നീ ഒമ്പത് സംഗീതസംവിധായകർ ആണ് അനിമലിലെ ഗാനങ്ങൾ ഒരുക്കിയത്. ഭൂഷൺ കുമാറിന്റെയും കൃഷൻ കുമാറിന്റെയും ടി-സീരീസ്, മുറാദ് ഖേതാനിയുടെ സിനി 1 സ്റ്റുഡിയോസ്, പ്രണയ് റെഡ്ഡി വംഗയുടെ ഭദ്രകാളി പിക്‌ചേഴ്‌സ് എന്നിവർ ചേർന്നായിരുന്നു ചിത്രം നിർമിച്ചത്.