athlets

പാരീസ്: ഏറെ പ്രതീക്ഷകളോടെയാണ് കായിക പ്രേമികൾ പാരീസ് ഒളിമ്പിക്സിലെ ഓരോ മത്സരങ്ങളെയും കാണുന്നത്. വിവിധ രാജ്യങ്ങൾ പങ്കെടുക്കുന്ന ഒളിമ്പിക്സിലെ ഒരു കാര്യമാണ് ചർച്ചയ്ക്ക് വഴിയൊരുക്കിയിരിക്കുന്നത്. ഉദ്ഘാടന ദിവസം കമന്റേ​റ്റർ പാകിസ്ഥാനെക്കുറിച്ച് നടത്തിയ ഒരു പ്രസ്താവനയാണ് രാജ്യത്തിന് നാണക്കേടുണ്ടാക്കിയിരിക്കുന്നത്. 24 കോടി ജനങ്ങളുളള പാകിസ്ഥാനിൽ നിന്ന് ഏഴ് കായിക താരങ്ങളെ മാത്രമാണ് ഒളിമ്പിക്സിൽ പങ്കെടുക്കാൻ എത്തിയതെന്നാണ് കമന്റേ​റ്റർ പറഞ്ഞത്.

പാകിസ്ഥാനിലെ 18 അംഗ സംഘത്തിൽ ഏഴ് കായികതാരങ്ങൾ മാത്രമാണ് ഉദ്ഘാടനത്തിന് പങ്കെടുത്തത്. ബാക്കിയുളളവർ ഫ്രാൻസിലെ വിവിധയിടങ്ങളിലായിരുന്നു. ഇതാണ് വിവാദത്തിന് വഴിയൊരുക്കിയത്. സംഭവത്തിന്റെ വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. പാകിസ്ഥാനിലെ നിരവധി മാദ്ധ്യമപ്രവർത്തകരും വീഡിയോ പങ്കുവച്ചിട്ടുണ്ട്. വിവിധ തരത്തിലുളള പ്രതികരണങ്ങളാണ് ഇതിനുലഭിച്ചത്.

കമന്റേ​റ്ററുടെ വാക്കുകൾ ലജ്ജാകരമാണെന്നും ഇതിന് ആരാണ് ഉത്തരവാദിയെന്നുമാണ് പ്രതികരണം. അതേസമയം, സാധാരണയായി ഒളിമ്പിക്സ് ഉദ്ഘാടനത്തിന് പാകിസ്ഥാനിൽ നിന്ന് ഏഴ് കായികതാരങ്ങളാണ് പങ്കെടുക്കാറുളളതെന്നും പ്രതികരണമുണ്ടായി. ശനിയാഴ്ച നടക്കുന്ന വനിതകളുടെ പത്ത് മീ​റ്റർ എയർ പിസ്​റ്റൾ യോഗ്യതാ മത്സരത്തോടെയാണ് പാകിസ്ഥാൻ തങ്ങളുടെ ഒളിമ്പിക്സ് സാന്നിദ്ധ്യമുറപ്പിക്കുന്നത്.

വെളളിയാഴ്ച രാത്രി ഇന്ത്യൻ സമയം 11 മണിയോടെയാണ് പാരീസിൽ ഉദ്ഘാടാനച്ചടങ്ങുകൾ ആരംഭിച്ചത്. ചരിത്രത്തിലാദ്യമായി ഒളിമ്പിക്സിന്റെ ഉദ്ഘാടനച്ചടങ്ങുകൾക്ക് ഓളപ്പരപ്പും വേദിയായിരുന്നു. പാരീസിലെ സെൻ നദിയിലൂടെ താരങ്ങൾ മാർച്ച് പാസ്റ്റ് നടത്തിയതും ശ്രദ്ധേയമായിരുന്നു. 10,​500 അത്‌ലറ്റുകൾ 94ഓളം ബോട്ടുകളിലായി സെൻ നദിയുടെ കിഴക്ക് ഭാഗമായ ഓസ്ട്രലിറ്റ്‌സ് പാലത്തിന് സമീപത്ത് നിന്ന് ആറ് കിലോമീറ്ററോളം ദൂരം സഞ്ചരിച്ച് ട്രാക്കൊ ദെറോയിൽ അവസാനിച്ച മാർച്ച് പാസ്റ്റ് നവ്യാനുഭവമായിരുന്നു.

ഒളിമ്പിക്സിന്റെ ജന്മനാടായ ഗ്രീസാണ് മാർച്ച് പാസ്റ്റിൽ ആദ്യം അണിനിരന്നത്.പിന്നാലെ അഭയാർത്ഥികളുടെ സംഘമെത്തി. 84-ാമതായിരുന്നു ഇന്ത്യൻ സംഘമെത്തിയത്. ഈഫൽ ഗോപുരത്തിന് മുന്നിലെ ട്രാക്കൊദെറൊ മൈതാനത്ത് അരങ്ങേറിയ വർണാഭമായ ഉദ്ഘാടനച്ചടങ്ങിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോൺ ഇന്റ‌ർനാഷണൽ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് തോമസ് ബക്ക് എന്നിവരുൾപ്പെടെയുള്ള പ്രമുഖർ അണിനിരന്നു. മൂന്ന് മണിക്കൂറോളം നീണ്ട കലാപരിപാടികളിൽ പ്രമുഖ ഗായകരായ സെലിൻ ഡിയോൺ, ലേഡി ഗാഗ, അയനകാമുറ തുടങ്ങിയവർ അണിനിരന്നു.