ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ഒന്നു മുതൽ അമ്പത്തൊമ്പത് മാസം വരെ പ്രായമുള്ള കുട്ടികളിൽ മരണത്തിനുള്ള മൂന്നാമത്തെ പ്രധാന കാരണമാണ് വയറിളക്കരോഗം. പ്രതിവർഷം അഞ്ചു വയസിനു താഴെയുള്ള നാലര ലക്ഷത്തോളം കുട്ടികളും, അഞ്ചു മുതൽ ഒൻപതു വയസുവരെയുള്ള അരലക്ഷത്തിലേറെ കുട്ടികളും വയറിളക്കം കാരണം മരിക്കുന്നുണ്ട്. ആഗോളതലത്തിൽ, ഓരോ വർഷവും 1.7 ബില്യൺ കുട്ടികളിൽ ഈ രോഗമുണ്ടാകുന്നു!
സാധാരണയായി വയറിളക്കത്തെ ആരും ഗൗരവത്തിലെടുക്കാറില്ലെങ്കിലും ശരീര ദ്രാവകവും ലവണങ്ങളും നഷ്ടപ്പെടുന്നതു മൂലമുണ്ടാകുന്ന നിർജ്ജലീകരണം മരണത്തിന് കാരണമായേക്കാമെന്ന് മറന്നുപോകരുത്. കൃത്യസമയത്തെ പാനീയ ചികിത്സയിലൂടെ ഈ മരണങ്ങൾ ഒഴിവാക്കാനാകും. കുഞ്ഞുങ്ങളുടെ ആരോഗ്യം നമ്മുടെ കൈകളിലാണെന്ന യാഥാർത്ഥ്യം ഓരോ കുടുംബത്തെയും ബോദ്ധ്യപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും ഏറിവരികയാണ്. ഈ രോഗങ്ങൾക്കെതിരെയാണ് എല്ലാ വർഷവും ഈ ദിവസം (ജൂലായ് 29) ലോക ഒ.ആർ.എസ് ദിനമായി ആചരിക്കുന്നത്.
പാനീയ ചികിത്സയ്ക്ക് (ഓറൽ റീഹൈഡ്രേഷൻ തെറാപ്പി) ഇന്ത്യൻ പ്രാചീന വൈദ്യശാസ്ത്രത്തിൽ വേരുകളുണ്ട്. ബി.സി 1500ൽ സുശ്രുതൻ കോളറാ രോഗികൾക്ക് കല്ലുപ്പും ശർക്കരപ്പാനീയവും ചേർത്ത ചൂടുവെള്ളം നൽകിയിരുന്നു. നൂറ്റാണ്ടുകൾക്കിപ്പുറവും വയറിളക്ക നിർജ്ജലീകരണം തടയാൻ പാനീയ ചികിത്സ ഗുണമാണെന്ന് പഠനങ്ങൾ
തെളിയിക്കുന്നു. 1971-ൽ ബംഗ്ലാദേശിലെ ബോൺഗോൺ നഗരത്തിൽ കോളറ പിടിപ്പെട്ടപ്പോൾ 30 ശതമാനം രോഗികളും മരണപ്പെട്ടിരുന്നു. എന്നാൽ, ഇതിനെതിരെ പോരാടി ഡോ. ദിലീപ് മഹാലനബിസ് നയിച്ച ബിരുദധാരികളുടെ ടീമാണ് നേട്ടം കെെവരിച്ചത്.
രോഗികളുടെ ആശ്രിതർക്ക് ഒ.ആർ.എസ് വിതരണം ചെയ്തത്, മരണനിരക്ക് 3.6 ശതമാനമായി കുറയ്ക്കുകയും ചെയ്തു. 3700-ലധികം രോഗികളെ എട്ട് ആഴ്ചയിലധികം ചികിത്സിച്ചപ്പോൾ ഇവരിൽ 125 പേർ മാത്രമാണ് മരണപ്പെട്ടത്. ഈ വിജയം ഓറൽ റീ ഹൈഡ്രേഷൻ തെറാപ്പിയിലേക്ക് ലോകശ്രദ്ധ ആകർഷിക്കാൻ കാരണമാവുകയും വയറിളക്കത്തിനുള്ള സാർവത്രിക ചികിത്സയായി ഒ.ആർ.ടി അംഗീകരിക്കപ്പെടുകയും ചെയ്തു. 1985-86 ലാണ് ഇന്ത്യയിൽ ദേശീയ ഓറൽ റീഹൈഡ്രേഷൻ തെറാപ്പി പ്രോഗ്രാം ആരംഭിച്ചത്.
കാരണവും
കരുതലും
മൂന്നോ അതിലധികമോ ദിവസങ്ങളിലായി അയവോടെയോ ദ്രാവകരൂപത്തിലോ മലം പോകുന്ന അവസ്ഥയാണ് വയറിളക്കം. ഒ.ആർ.സും (ഓറൽ റീഹൈഡ്രേഷൻ സൊല്യൂഷൻ) സിങ്ക് ഗുളികകളും നൽകുന്നതിലൂടെ നിർജ്ജലീകരണം തടയാനും മരണങ്ങൾ ഒഴിവാക്കാനുമാകും. അണുവിമുക്തമാക്കാത്ത ഫീഡിംഗ് ബോട്ടിൽ വഴിയും വൃത്തിയില്ലാത്ത ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയുമൊക്കെ കുഞ്ഞുങ്ങളിൽ രോഗമുണ്ടാകും.
അനുയോജ്യമായ ഭക്ഷണം, ശുദ്ധമായ കുടിവെള്ളം, ശുചിത്വം, പ്രതിരോധ കുത്തിവയ്പ്പ് എന്നിവ ഉറപ്പാക്കേണ്ടതാണ്. വയറിളക്ക സമയത്ത് കുട്ടിക്ക് പോഷകാഹാരത്തിനൊപ്പം മുലയൂട്ടൽ തുടരുകയും വേണം. അതോടൊപ്പം കുട്ടികളുടെ വിസർജ്യം മണ്ണിലോ ജലാശയങ്ങളിലോ ഇടതിരിക്കാനും ശ്രദ്ധിക്കണം. വേനലിലും മൺസൂൺ കാലത്തും പ്രകൃതി ദുരന്തം, വെള്ളപ്പൊക്കം തുടങ്ങിയ സാഹചര്യങ്ങളിലും വയറിളക്ക രോഗങ്ങൾക്ക് സാദ്ധ്യത കൂടുതലാണ്.
പാനീയ
ചികിത്സ
രോഗത്തിന്റെ ആരംഭത്തിൽ പാനീയ ചികിത്സ തുടങ്ങുന്നത് രോഗത്തെ തടയും. ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻവെള്ളം, ഒ.ആർ.എസ് എന്നിവ ഇതിനായി ഉപയോഗിക്കാം. വയറിളക്ക രോഗമുള്ളപ്പോൾ ഒ.ആർ.എസിനൊപ്പം സിങ്ക് നൽകുന്നത് വിശപ്പിനു ശരീരഭാരം വീണ്ടെടുക്കുന്നതിനും സഹായിക്കും. രണ്ടു മുതൽ ആറുമാസം വരെ പ്രായമുള്ള കുട്ടികൾക്ക് 10 മില്ലി ഗ്രാമും ആറുമാസത്തിനു മുകളിൽ പ്രായമുള്ള കുട്ടികൾക്ക് 20 മില്ലി ഗ്രാമും ദിവസം തോറും 14 ദിവസം വരെയാണ് സിങ്ക് നൽകേണ്ടത്. കാലഹരണപ്പെട്ടതോ ഉറച്ചു പോയതോ ആയ ഒ.ആർ.എസ് ഒഴിവാക്കണം. സംസ്ഥാനത്തെ എല്ലാ സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിലും ഒ.ആർ.എസ്, സിങ്ക് എന്നിവ സൗജന്യമായി ലഭിക്കും.
സ്റ്റോപ്പ് ഡയേറിയ
ക്യാമ്പയിൻ
ഊർജിത വയറിളക്ക നിയന്ത്രണ പക്ഷാചരണം (Intensive Diarrhoea Control Fortnight- IDCF) എന്നറിയപ്പെട്ടിരുന്ന പ്രതിരോധ ക്യാമ്പയിൻ ഈ വർഷം ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം 'സ്റ്റോപ്പ് ഡയേറിയ ക്യാമ്പയിൻ 2024" എന്ന് പുനർനാമകരണം ചെയ്തു. ഇതിലൂടെ ബോധവത്കരണത്തിനാണ് പ്രാധാന്യം നൽകുന്നത്. ഒ.ആർ.എസിന്റെയും സിങ്കിന്റെയും കവറേജ് 2029-ഓടെ 90 ശതമാനമായി വർദ്ധിപ്പിക്കുകയാണ് ലക്ഷ്യമാക്കുന്നത്. വിവിധ വകുപ്പുകളുടെ സംയോജനത്തോടെ വയറിളക്കം നിയന്ത്രിക്കൽ, ചികിത്സാ സേവനങ്ങൾ ശക്തിപ്പെടുത്തൽ, ആരോഗ്യ സ്ഥാപനങ്ങളിൽ ഒ.ആർ.എസ്, സിങ്ക് കോർണറുകൾ ഉറപ്പാക്കൽ, കുട്ടികളുടെ ശുചിത്വം ഉറപ്പാക്കുക എന്നിവയും ക്യാമ്പയിൻ വഴി നടപ്പാക്കുന്നു. 'വയറിളക്ക രോഗങ്ങൾ പ്രതിരോധിക്കാം ,ശുചിത്വ പാലനത്തിനും ഒ .ആർ.എസ് ഉപയോഗത്തിനും ശ്രദ്ധ നൽകാം" എന്നതാണ് ഈ വർഷത്തെ സന്ദേശം.
(ഹെൽത്ത് സർവീസസ് ഡയറക്ടറേറ്റിൽ ഒ.ആർ.ടി അസി. ഡയറക്ടർ ആണ് ലേഖകൻ)